BUSINESS

നവംബര്‍ 1 മുതല്‍ പുതിയ ജിഎസ്ടി ഇളവുകള്‍; തട്ടിപ്പ് നോട്ടീസുകള്‍ക്ക് ഇനി തെളിവ് നിര്‍ബന്ധം, 10 ദിവസത്തിനകം റീഫണ്ട്


നവംബര്‍ 1 മുതല്‍ രാജ്യത്തെ ജിഎസ്ടി (GST) ചട്ടങ്ങളില്‍ വലിയ മാറ്റം. ചെറുകിട സംരംഭകര്‍ക്കും, സ്റ്റാര്‍ട്ടപ്പുകള്‍ക്കും ആശ്വാസമേകുന്ന 7 നിര്‍ണായക ഇളവുകളാണ് പ്രാബല്യത്തില്‍ വരുന്നത്. കോ-വര്‍ക്കിംഗ് സ്‌പേസുകളിലെ ലളിതമായ രജിസ്‌ട്രേഷന്‍, അനാവശ്യ ഉദ്യോഗസ്ഥ പരിശോധനകള്‍ ഒഴിവാക്കല്‍, വെറും 10 ദിവസത്തിനകം ബാങ്ക് അക്കൗണ്ടിലെത്തുന്ന വേഗത്തിലുള്ള ടാക്‌സ് റീഫണ്ട് എന്നിവ ഉറപ്പാക്കുന്ന പുതിയ ചട്ടങ്ങളാണ് ജിഎസ്ടി കൗണ്‍സില്‍ നടപ്പിലാക്കുന്നത്.നവംബര്‍ 1 മുതലുള്ള പ്രധാന ജിഎസ്ടി മാറ്റങ്ങള്‍ കോ-വര്‍ക്കിംഗ് സ്‌പേസ് രജിസ്‌ട്രേഷന്‍: കോ-വര്‍ക്കിംഗ് സ്‌പേസുകളില്‍ (Co-working spaces) പ്രവര്‍ത്തിക്കുന്ന ബിസിനസുകള്‍ക്ക് ആ വിലാസം ഉപയോഗിച്ച് ഇനി ജിഎസ്ടി രജിസ്‌ട്രേഷന്‍ എടുക്കാം. ഇതിനായി നിങ്ങള്‍ക്ക് അനുവദിച്ച ഡെസ്‌കും, സ്ഥലവും വ്യക്തമാക്കുന്ന മെമ്പര്‍ഷിപ്പ് അഗ്രിമെന്റ് അപ്ലോഡ് ചെയ്യണം. ആധാര്‍ വെരിഫിക്കേഷന്‍: ആധാര്‍ വെരിഫിക്കേഷന്‍ വഴി ജിഎസ്ടി എടുക്കുന്നവരില്‍ നിന്ന് ഉദ്യോഗസ്ഥര്‍ നേരിട്ട് വന്ന് വിലാസം പരിശോധിക്കുന്നത് (Physical verification) ഒഴിവാക്കി. തട്ടിപ്പ് സംശയിക്കുന്ന കേസുകളില്‍ മാത്രമേ ഇത് നേരിട്ട് പരിശോധിക്കൂ. വിലാസം തെളിയിക്കാനുള്ള രേഖകള്‍: ഇലക്ട്രിസിറ്റി ബില്‍, വീട്ടുനികുതി രസീത് എന്നിവ വിലാസം തെളിയിക്കാന്‍ ഉപയോഗിക്കാം. മരിച്ച പൂര്‍വ്വികരുടെ പേരിലുള്ള സ്ഥലമാണെങ്കില്‍ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കണം. ഇതിനുപുറമെ ഉദ്യോഗസ്ഥര്‍ക്ക് മറ്റ് അധിക രേഖകള്‍ ആവശ്യപ്പെടാന്‍ കഴിയില്ല. ജിഎസ്ടി തട്ടിപ്പ് നോട്ടീസുകളില്‍ തെളിവ് നിര്‍ബന്ധം: ജിഎസ്ടി കുടിശിക ഉണ്ടെന്ന ഒറ്റ കാരണത്താല്‍ ഉദ്യോഗസ്ഥര്‍ക്ക് ഇനി തട്ടിപ്പ് നോട്ടീസ് അയക്കാന്‍ കഴിയില്ല. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍, ഓരോ സാമ്പത്തിക വര്‍ഷത്തെയും കുടിശിക വിവരങ്ങള്‍ ഉള്‍പ്പെടുത്തി മാത്രമേ നോട്ടീസ് നല്‍കാവൂ. ഇതിന് മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ മുന്‍കൂര്‍ അനുമതിയും നിര്‍ബന്ധമാണ്. വേഗത്തിലുള്ള റീഫണ്ട്: ജിഎസ്ടി റീഫണ്ട് അപേക്ഷകള്‍ക്കുള്ള അക്‌നോളജ്‌മെന്റ് ലഭിക്കാനുള്ള സമയം 15 ദിവസത്തില്‍ നിന്ന് 10 ദിവസമായി കുറച്ചു. ഇന്‍വേര്‍ട്ടഡ് ഡ്യൂട്ടി സ്ട്രക്ചര്‍ പ്രകാരം അര്‍ഹരായവര്‍ക്ക് 90% തുക പ്രൊവിഷണല്‍ റീഫണ്ടായി വേഗത്തില്‍ ലഭിക്കും. ചെറുകിട കയറ്റുമതിക്കാര്‍ക്ക് ഇളവ്: പോസ്റ്റല്‍ അല്ലെങ്കില്‍ കൊറിയര്‍ വഴി കയറ്റുമതി ചെയ്യുന്നവര്‍ക്ക് നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള കുറഞ്ഞ പരിധിയായ 1,000 രൂപ എന്ന നിബന്ധന എടുത്തുകളഞ്ഞു. എത്ര ചെറിയ തുകയും ഇനി റീഫണ്ട് ചോദിക്കാം. വില്‍പനാനന്തര ഡിസ്‌കൗണ്ടുകള്‍: വില്‍പ്പനയ്ക്ക് ശേഷം നല്‍കുന്ന ഡിസ്‌കൗണ്ടുകള്‍ക്കും, അനുബന്ധ ക്രെഡിറ്റ് നോട്ടുകള്‍ക്കുമുള്ള ജിഎസ്ടി വ്യവസ്ഥകള്‍ കൂടുതല്‍ ലളിതമാക്കി.റൂള്‍ മാറ്റത്തിനുള്ള കാരണങ്ങള്‍ചെറുകിട വ്യാപാരികള്‍ക്കും, ഇ-കൊമേഴ്സ് വില്‍പ്പനക്കാര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ജിഎസ്ടി നടപടിക്രമങ്ങള്‍ എളുപ്പമാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ടാക്‌സ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള അനാവശ്യ ഇടപെടലുകളും, ഭീഷണികളും വര്‍ധിക്കുന്നുവെന്ന ആരോപണത്തിനുള്ള മറുപടി കൂടിയാണ് ഈ റൂള്‍ മാറ്റങ്ങള്‍.റീഫണ്ടുകള്‍ വൈകുന്നത് മൂലമുണ്ടാകുന്ന ബിസിനസുകളുടെ സാമ്പത്തിക പ്രതിസന്ധി (Working capital blockage) പരിഹരിക്കാനും സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴിയാക്കി സുതാര്യത ഉറപ്പുവരുത്തുകയും, പേപ്പര്‍വര്‍ക്കുകള്‍ കുറയ്ക്കുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനുണ്ട്.മാറ്റങ്ങള്‍ സാധാരണക്കാരെ എങ്ങനെ ബാധിക്കുംനികുതി നിരക്കുകളില്‍ മാറ്റമില്ലാത്തതിനാല്‍ സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് സാധനങ്ങളുടെ വിലയില്‍ മാറ്റമുണ്ടാകില്ല. അതേസമയം വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍, ഫ്രീലാന്‍സര്‍മാര്‍, കോ-വര്‍ക്കിംഗ് സ്‌പേസുകളില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട സംരംഭകര്‍ എന്നിവര്‍ക്ക് വലിയ ആശ്വാസമാണ് നടപടി. വളരെ വേഗത്തില്‍ നിയമക്കുരുക്കുകളില്ലാതെ ബിസിനസ് തുടങ്ങാം എന്നതാണ് പ്രധാന നേട്ടം.വ്യാപാരികള്‍ക്ക് വേഗത്തില്‍ റീഫണ്ട് ലഭിക്കുന്നതും, രജിസ്‌ട്രേഷന്‍ എളുപ്പമാകുന്നതും അവരുടെ ബിസിനസ ചെലവുകള്‍ കുറയ്ക്കാന്‍ സഹായിക്കും. ഇതിന്റെ പരോക്ഷമായ ഗുണം ഭാവിയില്‍ ഉപഭോക്താക്കള്‍ക്കും സേവനങ്ങളില്‍ ലഭിച്ചേക്കാം.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ കോ-വര്‍ക്കിംഗ് സ്‌പേസിലെ അഗ്രിമെന്റ്, ഇലക്ട്രിസിറ്റി ബില്‍ പോലുള്ള രേഖകള്‍ കൃത്യമായിരിക്കണം. ഈ മാറ്റങ്ങള്‍ എല്ലാം തന്നെ പുതിയ അപേക്ഷകള്‍ക്ക് മാത്രം ബാധകമായിരിക്കും. വേഗത്തിലുള്ള റീഫണ്ട് ഉള്‍പ്പെടെയുള്ള മിക്ക മാറ്റങ്ങളും നവംബര്‍ 1 മുതല്‍ ഫയല്‍ ചെയ്യുന്ന പുതിയ അപേക്ഷകള്‍ക്ക് മാത്രമാണ് ബാധകമാകുക. നിലവില്‍ പരിഹരിക്കപ്പെടാതെ കിടക്കുന്ന പഴയ ഫയലുകള്‍ക്ക് പഴയ നിയമം തന്നെയാകും തുടരുക. വ്യാപാരികള്‍ പര്‍ച്ചേസ് റെക്കോര്‍ഡുകളും, ഇന്‍വോയ്സുകളും സമയബന്ധിതമായി ഒത്തുനോക്കിയാല്‍ മാത്രമേ പുതിയ റീഫണ്ട് വ്യവസ്ഥകളുടെയും, ഡിസ്‌കൗണ്ടുകളുടെയും മുഴുവന്‍ ഗുണവും ലഭിക്കൂ. നിയമങ്ങള്‍ ലളിതമാക്കിയെങ്കിലും, നികുതി വെട്ടിപ്പ് സംശയിക്കുന്ന കേസുകളില്‍ ഉദ്യോഗസ്ഥര്‍ക്ക് നേരിട്ടുള്ള പരിശോധന നടത്താനും, കര്‍ശന നടപടിയെടുക്കാനുമുള്ള പൂര്‍ണ്ണ അധികാരമുണ്ട്. കൃത്രിമം കാണിച്ചാല്‍ പിടിവീഴും.


Read News

Back to top button