കെമിക്കൽ ഡൈകളോട് ബൈ പറയാം; നരച്ചമുടി കറുപ്പിക്കാൻ തയ്യാറാക്കാം പ്രകൃതിദത്തമായ മുരിങ്ങയില ഡൈ

പ്രതീകാത്മക ചിത്രം
അകാലനര ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. ഇത് പരിഹരിക്കാനായി കെമിക്കൽ അടങ്ങിയ ഹെയർ ഡൈകളാണ് ഭൂരിഭാഗം പേരും ഉപയോഗിക്കുന്നത്. എന്നാൽ ഇത് ക്രമേണ മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നു. അതിനാൽ ഇനിമുതൽ ഇത്തരം ഹെയർ ഡൈകൾക്ക് പകരം നമ്മുടെ വീട്ടുമുറ്റത്തുള്ള മുരിങ്ങയില ഉപയോഗിച്ച് നരച്ചമുടി എളുപ്പത്തിൽ കറുപ്പിക്കാം.
മുടിക്ക് നല്ല കറുപ്പും തിളക്കവും നൽകാൻ മുരിങ്ങയിലക്ക് സാധിക്കും. ഇതിലുള്ള വിറ്റാമിനുകൾ, ധാതുക്കൾ, അമിനോ ആസിഡുകൾ എന്നിവ തലമുടിയെ വേരുകളിൽ നിന്ന് തന്നെ കറുക്കാൻ സഹായിക്കുന്നു. മുരിങ്ങയില ഹെർബൽ ഡൈ എങ്ങനെയാണ് വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കേണ്ടതെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
മുരിങ്ങയില- ഒരു പിടി
ഉലുവ- ഒരു ടേബിൾ സ്‌പൂൺ
തേയിലപ്പൊടി- ഒരു ടേബിൾ സ്‌പൂൺ
ചെമ്പരത്തി ഇലയും പൂവും- നാലെണ്ണം വീതം
നെല്ലിക്കാപ്പൊടി- ആവശ്യത്തിന്
മൈലാഞ്ചിപ്പൊടി- ആവശ്യത്തിന്
വെള്ളം
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ അൽപ്പം വെള്ളമെടുത്ത് അതിലേയ്ക്ക് ഉലുവയും തേയിലപ്പൊടിയും മുരിങ്ങയിലയും ചേർത്ത് നന്നായി തിളപ്പിച്ച് മാറ്റിവയ്ക്കണം. ഇനി മിക്സിയുടെ ജാറിൽ ചെമ്പരത്തി ഇല, പൂവ് അൽപ്പം പച്ച മുരിങ്ങയില എന്നിവയിട്ട് അതിലേയ്ക്ക് നേരത്തെ തിളപ്പിച്ചുമാറ്റിയ വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കണം. ശേഷം ഒരു ചീനച്ചട്ടിയിൽ അരച്ചുവച്ച മിശ്രിതം ചേർക്കണം. ഇതിലേയ്ക്ക് നെല്ലിക്കാപ്പൊടിയും മൈലാഞ്ചിപ്പൊടിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കണം. ഈ മിശ്രിതം ഒരു ദിവസം ചീനച്ചട്ടിയിൽ തന്നെ സൂക്ഷിച്ചുവയ്ക്കാം.
ഉപയോഗിക്കേണ്ടവിധം
എണ്ണമയമില്ലാത്ത മുടിയിൽ ഇത് നന്നായി തേച്ചുപിടിപ്പിക്കണം. തുടർന്ന് 30 മിനിറ്റിന് ശേഷം കഴുകി കളയാം. ഷാമ്പൂ ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
English Summary
To address premature graying, a natural remedy using moringa leaves is proposed as an alternative to chemical hair dyes, which can harm hair. Moringa, rich in vitamins and minerals, is stated to effectively blacken hair from the roots and add shine. The article provides a detailed homemade herbal dye recipe incorporating moringa with fenugreek and hibiscus for easy preparation and application.
News ⏭️


