SPORTS
ഇന്ത്യ അവസാനം ഇവിടെ കളിച്ചപ്പോൾ സഞ്ജു സെഞ്ചറിയടിച്ചു; കരുത്തർക്കെതിരെ നിർണായക പോരാട്ടം, ബോളിങ്ങിൽ ആശങ്ക

ഹൈദരാബാദ് ∙ ബാറ്റുകൊണ്ട് തല്ലിത്തോപ്പിക്കാൻ ഇറങ്ങിയാൽ കരീബിയൻ കരുത്തന്മാർക്ക് എതിരുനിൽക്കാൻ ക്രിക്കറ്റിലെ ഏതു വമ്പൻമാരും ഒന്നു വിറയ്ക്കും! നിർണായകമായ ഇന്ത്യ – വെസ്റ്റിൻഡീസ് 4–ാം ട്വന്റി20 മത്സരത്തിനിറങ്ങുമ്പോൾ ഇന്ത്യൻ നായകൻ ശ്രേയസ് അയ്യർക്കും സംഘത്തിനും മുന്നിലുള്ളത് കരീബിയൻ ‘പവർ ഹിറ്റിങ്’ വെല്ലുവിളി. കൈവഴുതിയെന്നു തോന്നിച്ച മൂന്നാം ട്വന്റി20 ക്രിക്കറ്റ് മത്സരത്തിൽ 14 റൺസിന് ജയിച്ചെങ്കിലും ഇന്ത്യയെ വിറപ്പിച്ചാണ് വെസ്റ്റിൻഡീസ് കീഴടങ്ങിയത്. ആദ്യ മത്സരത്തിലെ തോൽവിക്കു ശേഷം രണ്ടാം മത്സരത്തിൽ 250 റൺസ് പിന്തുടർന്നു ജയിച്ചതിന്റെയും മൂന്നാം മത്സരത്തിൽ ഇന്ത്യയെ വിറപ്പിച്ചതിന്റെയും ആത്മവിശ്വാസത്തിലാണ് വിൻഡീസ്. എങ്കിലും കരുത്തുറ്റ ബാറ്റിങ് നിരയും നിർണായക നിമിഷങ്ങളിൽ കളിതിരിക്കാൻ ശേഷിയുള്ള ബോളർമാരും ചേരുമ്പോൾ വിജയം നേടാമെന്നാണ് ഇന്ത്യൻ പ്രതീക്ഷ. മത്സരം ഇന്നു വൈകിട്ട് 7 മുതൽ സ്റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം.രണ്ടുടീമുകളുടെയും പ്രധാന കരുത്ത് ബോളർമാരെ തലങ്ങും വിലങ്ങും പായിക്കാൻ ശേഷിയുള്ള ഒരുപിടി പവർ ഹിറ്റർമാരുടെ സാന്നിധ്യമാണ്.സഞ്ജു സാംസണും അഭിഷേക് ശർമയും ഇഷാൻ കിഷനും ചേരുമ്പോൾ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ കണ്ടെത്താൻ പ്രയാസമില്ല. ഇൻഡോറിലെ മൂന്നാം ട്വന്റി20യിൽ 30 പന്തുകളിൽ 69 റൺസ് നേടിയ അഭിഷേകും റാഞ്ചിയിൽ 41 പന്തിൽ 82 റൺസ് നേടിയ സഞ്ജുവും മികച്ച ഫോമിലാണ്. അതേസമയം, വിൻഡീസിന്റെ ബാറ്റിങ് നിരയും അതിശക്തമാണ്. പരമ്പരയിൽ ആകെ 172 റൺസ് നേടിയ ഷെർഫെയ്ൻ റുഥർഫോഡും 159 റൺസ് നേടിയ നായകൻ ഷായ് ഹോപ്പും വിൻഡീസ് ബാറ്റിങ്ങിനെ മുന്നിൽനിന്നു നയിക്കുമ്പോൾ എത്ര വലിയ സ്കോറും നിസ്സാരമായി പിന്തുടരാൻ അവർക്കു സാധിക്കും.ബോളിങ്ങിൽ ആശങ്കകൂറ്റൻ സ്കോർ ആത്മവിശ്വാസത്തോടെ പിന്തുടരാൻ ശേഷിയുള്ള വിൻഡീസ് ബാറ്റിങ് നിരയെ നേരിടുമ്പോള് ഇന്ത്യൻ ബോളിങ് നിര ശ്രേയസിനു ചെറിയ തലവേദനയുണ്ടാക്കുന്നു. റാഞ്ചിയിൽ ഇന്ത്യയുയർത്തിയ 250 റൺസ് വിജയലക്ഷ്യം 18.3 ഓവറിലാണ് വിൻഡീസ് മറികടന്നത്. വിൻഡീസ് ബോളിങ് നിരയിലും ഇതേ പ്രശ്നമുണ്ട്. ഓൾറൗണ്ട് പ്രകടനങ്ങൾ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തത് ഷായ് ഹോപിനെ കുഴക്കുന്നു. ഓൾറൗണ്ടർ റോസ്റ്റൻ ചേസിന്റെ ടീമിലെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവാദങ്ങൾ അനാവശ്യമാണെന്ന് പരിശീലകൻ ഡാരന് സമി പത്രസമ്മേളനത്തിൽ പറഞ്ഞതോടെ ചേസ് ടീമിലുണ്ടാകുമെന്ന് ഉറപ്പായി. കഴിഞ്ഞ മത്സരത്തിൽ മൂന്നു വിക്കറ്റ് നേടിയ അര്ഷ്ദീപ് സിങ്ങിന്റെയും നമന് ധീറിന്റെയും ബോളിങ് പ്രകടനം ഇന്ത്യയ്ക്കു പ്രതീക്ഷയാണ്.
Auto ⏭️




