NEWS
കൊല്ലം–കായംകുളം പാതയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു; വന്ദേഭാരത് ഉൾപ്പെടെയുള്ള വൈകി: കാത്തിരുന്ന് വലഞ്ഞ് യാത്രക്കാർ

കരുനാഗപ്പള്ളി /കായംകുളം ∙ വൈദ്യുത ലൈനിലെ തകരാർ മൂലം എറണാകുളം ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതം 2 മണിക്കൂറോളം തടസ്സപ്പെട്ടത് യാത്രക്കാരെ വലച്ചു. ഇന്നലെ വൈകിട്ട് ഓച്ചിറയ്ക്കും കൃഷ്ണപുരത്തിനും ഇടയിൽ ഹൈടെൻഷൻ ഓവർഹെഡ് വൈദ്യുത ലൈനിലുണ്ടായ തകരാറാണ് ട്രെയിൻ ഗതാഗതം താറുമാറാക്കിയത്. ഇതോടെ വന്ദേഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകൾ കൊല്ലം, പരവൂർ, ശാസ്താംകോട്ട, ഓച്ചിറ, കായംകുളം സ്റ്റേഷനുകളിലായി നിർത്തിയിടുകയായിരുന്നു. വൈകിട്ട് തിരക്കേറിയ സമയത്തെ ഗതാഗത സ്തംഭനംമൂലം യാത്രക്കാർ മണിക്കൂറുകളോളം വഴിയിൽ കുടുങ്ങി. പത്തിലേറെ ട്രെയിനുകൾ പിടിച്ചിട്ടെന്നു റെയിൽവേ അധികൃതർ പറഞ്ഞു.കായംകുളം ഭാഗത്തേക്കു പോയ അമൃത് ഭാരത്, നാഗർകോവിൽ–കോട്ടയം, ഇന്റർസിറ്റി, വഞ്ചിനാട്, മൈസൂരു എക്സ്പ്രസ്, വന്ദേഭാരത്, മെമു തുടങ്ങിയ ട്രെയിനുകളാണ് വിവിധയിടങ്ങളിലായി മണിക്കൂറുകളോളം പിടിച്ചിട്ടത്. കൊല്ലം ഭാഗത്തേക്കു വന്ന മെമു, പരശുറാം എക്സ്പ്രസ്, ശബരി എക്സ്പ്രസ് തുടങ്ങിയവയും വൈകി. കരുനാഗപ്പള്ളിയിൽ നിന്ന് ഓച്ചിറ ഭാഗത്തേക്കുള്ള വൈദ്യുത ലൈനിലെ തകരാറാണെന്നു തിരിച്ചറിഞ്ഞ് കൊല്ലം ഭാഗത്തേക്കുള്ള ഗതാഗതം പുനഃസ്ഥാപിച്ചു. ഈ ഭാഗത്തേക്കുള്ള ഗതാഗതവും മണിക്കൂറോളം വൈകി.
Fashion ⏭️




