NEWS
‘3 ദിവസം അനധികൃതമായി കസ്റ്റഡിയിൽവച്ചു; ക്രൂരമായി മർദിച്ചു’: മകൻ ജീവനൊടുക്കിയതിൽ പൊലീസിനെതിരെ ആരോപണവുമായി പിതാവ്

കൊടുങ്ങല്ലൂർ ∙ എറിയാട് പിഎസ്എൻ കവല പഴൂപറമ്പിൽ മുഹമ്മദ് അസ്ലം (18) തൂങ്ങിമരിച്ച സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. അസ്ലമിന്റെ പിതാവ് നൗഷാദ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റിലാണ് പൊലീസിനെതിരെ ഗുരുതര ആരോപണം ഉള്ളത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടു ഭീഷണിപ്പെടുത്തി 20 പവൻ സ്വർണാഭരണങ്ങളും 50,000 രൂപയും കവർന്നെന്ന കേസിൽ കഴിഞ്ഞ മാസം മുഹമ്മദ് അസ്ലം, സഹോദരൻ മുഹമ്മദ് സഹൽ (23) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.കേസിൽ പ്രതിയായ അസ്ലത്തെ ജാമ്യം ലഭിച്ചു പുറത്തിറങ്ങി ദിവസങ്ങൾ പിന്നിട്ടപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ ജയിലിൽ കഴിയുന്ന സഹോദരൻ മുഹമ്മദ് സഹലിനെ ജയിലിൽ പോയി കണ്ട് തിരിച്ചെത്തിയശേഷമാണ് അസ്ലം ജീവനൊടുക്കിയത്. കഴിഞ്ഞ സെപ്റ്റംബർ 27ന് പൊലീസ് പിടികൂടിയ തന്റെ മക്കളെ കള്ളക്കേസിൽ കുടുക്കിയെന്നാണ് നൗഷാദ് ആരോപിക്കുന്നത്. മൂന്നു ദിവസം അനധികൃതമായി കസ്റ്റഡിയിൽ വച്ചെന്നും മരിച്ച അസ്ലമിനെ ക്രൂരമായി മർദിച്ചെന്നും പറയുന്നു. സംഭവത്തെക്കുറിച്ചു വിശദമായ അന്വേഷണം നടത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
Fashion ⏭️




