BUSINESS

പെട്രോളിൽ എഥനോൾ കലർപ്പ്: കർണാടകയുടെ ആരോപണം തള്ളി എണ്ണക്കമ്പനികൾ

അനുവദനീയമായ അളവിൽ കൂടുതൽ എഥനോൾ കലർത്തിയ പെട്രോൾ വിപണിയിൽ എത്തുന്നതായി കർണാടക സർക്കാർ നടത്തിയ പരിശോധനയിൽ വെളിപ്പെട്ടു. പെട്രോളിൽ എഥനോൾ ചേർക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള പരിധി 20 ശതമാനമാണ്. എന്നാൽ, പരിശോധനയിൽ കണ്ടെത്തിയ സാമ്പിളുകളിൽ 31.2 ശതമാനം വരെ എഥനോളിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. ബെംഗളൂരു അടക്കമുള്ള കർണാടകയിലെ ഏഴ് ജില്ലകളിൽ നിന്ന് ശേഖരിച്ച 63 പെട്രോൾ സാമ്പിളുകൾ വിശകലനം ചെയ്തപ്പോൾ, അതിൽ അഞ്ചിൽ നാല് ഭാഗവും നിശ്ചിത പരിധി ലംഘിച്ചതായാണ് കണ്ടെത്തിയത്.

പരിശോധന നടത്തിയ സാമ്പിളുകളിൽ മിക്കവയിലും 25.5 ശതമാനം മുതൽ 31.2 ശതമാനം വരെ എഥനോൾ അടങ്ങിയിട്ടുണ്ട്. അതേസമയം, ഒരു സാമ്പിളിൽ 13.5 ശതമാനം മാത്രമാണ് എഥനോൾ ഉണ്ടായിരുന്നത്. ഈ സാഹചര്യത്തിൽ, എണ്ണക്കമ്പനികൾക്കെതിരെ കർശന പിഴ ചുമത്തണമെന്ന് സംസ്ഥാന ഉപഭോക്തൃകാര്യമന്ത്രി റിസ്വാൻ അർഷാദ് ആവശ്യപ്പെട്ടു. ഇത്തരത്തിൽ ഇന്ധനത്തിൽ മാറ്റം വരുത്തിയത് വഴി രാജ്യത്തെ വാഹന ഉടമകൾക്ക് ഒരു ലക്ഷം കോടി രൂപയുടെ സാമ്പത്തിക നഷ്ടം സംഭവിച്ചതായും, ഇത് പരിഹരിക്കുന്നതിനായി കേന്ദ്ര സർക്കാർ ഇ-20 ഫണ്ട് രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എണ്ണക്കമ്പനികളുടെ സ്വന്തം ലബോറട്ടറികളിൽ പരിശോധന നടത്തിയപ്പോൾ ലഭിച്ച റിപ്പോർട്ടുകളിൽ എഥനോളിന്റെ കൃത്യമായ അളവ് രേഖപ്പെടുത്താൻ തയ്യാറായിരുന്നില്ലെന്ന് സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടി. തുടർന്നാണ് നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് & കാലിബറേഷൻ ലബോറട്ടറീസിന്റെയും (NABL) ഐ.എസ്.ഒയുടെയും അംഗീകാരമുള്ള സ്വതന്ത്ര ലാബുകളിൽ സർക്കാർ പരിശോധന നടത്തിയത്.

എന്നാൽ, കർണാടക സർക്കാരിന്റെ ആരോപണങ്ങളെ എണ്ണക്കമ്പനികൾ പൂർണമായും നിരാകരിച്ചു. നിയമപരമായ പരിശോധനാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സർക്കാർ ഇത്തരമൊരു നിഗമനത്തിൽ എത്തിയതെന്ന് കമ്പനികൾ പ്രതികരിച്ചു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ എന്നീ പൊതുമേഖലാ സ്ഥാപനങ്ങൾ സംയുക്ത പ്രസ്താവനയിലൂടെയാണ് ആരോപണങ്ങൾ തള്ളിയത്. രാജ്യമൊട്ടാകെ വിതരണം ചെയ്യുന്ന ഇ-20 പെട്രോൾ, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ IS17021 മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് കമ്പനികൾ അവകാശപ്പെടുന്നു.

1995-ലെ എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് പ്രകാരമുള്ള മോട്ടോർ സ്പിരിറ്റ് ആൻഡ് ഹൈസ്പീഡ് ഡീസൽ കൺട്രോൾ ഓർഡറിലെയും മാർക്കറ്റ് ഡിസിപ്ലിൻ ഗൈഡ്‌ലൈനുകളിലെയും വ്യവസ്ഥകൾ ഈ പരിശോധനയിൽ പാലിക്കപ്പെട്ടിട്ടില്ലെന്ന് കമ്പനികൾ ആരോപിച്ചു. തങ്ങളുടെ പ്രതിനിധികളുടെ സാന്നിധ്യമില്ലാതെയാണ് സാമ്പിളുകൾ ശേഖരിച്ചതെന്നും, അംഗീകൃത ലാബുകൾക്ക് പകരം മൂന്നാം കക്ഷിയുടെ ലാബ് റിപ്പോർട്ടുകളെയാണ് കർണാടക സർക്കാർ ആശ്രയിച്ചതെന്നും എണ്ണക്കമ്പനികൾ കൂട്ടിച്ചേർത്തു.

Read News

Back to top button