NEWS

വാഹനവുമായി കറങ്ങിയ കുട്ടികൾ; രക്ഷിതാക്കൾ ഉൾപ്പെടെ നാലുപേർക്കെതിരെ പൊലീസ് നടപടി

കോഴിക്കോട് ∙ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ലൈസൻസില്ലാതെ വാഹനം നൽകിയതിന് രണ്ടു രക്ഷിതാക്കൾ അടക്കം നാലുപേർക്കെതിരെ പൊലീസ് നിയമനടപടി സ്വീകരിച്ചു. നിയമവിരുദ്ധമായി റോഡിലിറക്കിയ മൂന്നു വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. നഗരത്തിൽ പുലർച്ചെ സമയങ്ങളിൽ കുട്ടികൾ വാഹനമോടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസ് കർശനമായ പരിശോധന നടത്തിയിരുന്നു.

ടൗൺ പൊലീസ് നടത്തിയ പരിശോധനയിൽ, സ്കൂട്ടറിൽ അപകടകരമായ രീതിയിൽ സഞ്ചരിച്ച രണ്ടു കുട്ടികളെയും മാവൂർ മേഖലയിൽ കാറോടിച്ചു വന്ന മറ്റൊരു കുട്ടിയെയും പിടികൂടി. ഇന്നലെ പുലർച്ചെ 1.40 ഓടെ മാനാഞ്ചിറ ടൗൺഹാൾ റോഡ് വഴി അമിതവേഗതയിൽ എത്തിയ സ്കൂട്ടർ കൈകാണിച്ച് നിർത്തി പരിശോധിച്ചപ്പോഴാണ് ഓടിച്ചിരുന്നത് ലൈസൻസില്ലാത്ത കുട്ടിയാണെന്ന് വ്യക്തമായത്. ഇതിനെത്തുടർന്ന് ഉടമയെ വിളിച്ചുവരുത്തുകയും കണ്ണിപറമ്പ് സ്വദേശി കെ. അബ്ദുൽ നൈഫലിനെതിരെ ടൗൺ പൊലീസ് കേസെടുക്കുകയും ചെയ്തു.

തുടർന്ന് പുലർച്ചെ 3.40-ഓടെ മറ്റൊരു സ്കൂട്ടറിൽ എത്തിയ കുട്ടിയെയും പൊലീസ് തടഞ്ഞു നിർത്തി. ഈ വാഹനത്തിന്റെ ഉടമ പാവണ്ടൂർ സ്വദേശി കെ. ബിജുലയ്ക്കെതിരെയും ടൗൺ പൊലീസ് കേസുകൾ ചുമത്തി. ഇതിനുപുറമെ, മാവൂരിൽ പുലർച്ചെ നാലുമണിയോടെ കാറോടിച്ചു വന്ന കുട്ടിയെ തടഞ്ഞു നിർത്തി നടത്തിയ ചോദ്യം ചെയ്യലിൽ, സുഹൃത്തിന്റെ വാഹനം എടുത്തു വന്നതാണെന്ന് കുട്ടി മൊഴി നൽകി. തുടർന്ന് സുഹൃത്തിനെ വിളിപ്പിക്കുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തിൽ ഉള്ളൂർ പുത്തൻപുരയിൽ സ്വദേശി അബ്ദുൽ സമദിനെതിരെ മാവൂർ പൊലീസ് കേസെടുത്തു.

Fashion ⏭️

Back to top button