BUSINESS

ബിസ്കറ്റ് വിപണിയിലേക്ക് അംബാനിയുടെ വരവ്: തമിഴ്നാട്ടിൽ അഞ്ച് രൂപയ്ക്ക് തന്ത്രം മെനഞ്ഞ് റിലയൻസ്

വിവിധ വിപണന തന്ത്രങ്ങളിലൂടെ ഇന്ത്യൻ വിപണിയിൽ തന്റേതായ ഇടം കണ്ടെത്തിയ റിലയൻസ് ഇൻഡസ്ട്രീസ്, ഇപ്പോൾ പുതിയൊരു ചുവടുവെപ്പിന് ഒരുങ്ങുകയാണ്. ‘ഇൻഡിപെൻഡൻസ്’ എന്ന പുതിയ ബ്രാൻഡിന് കീഴിൽ ബിസ്കറ്റ് വിപണിയിലേക്ക് കടന്നുവന്നുകൊണ്ടാണ് കമ്പനി തങ്ങളുടെ സാന്നിധ്യം അറിയിക്കുന്നത്. റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ് എന്ന എഫ്എംസിജി വിഭാഗത്തിലൂടെ ഒമ്പത് വ്യത്യസ്ത തരം ബിസ്കറ്റുകളാണ് വിപണിയിൽ എത്തിച്ചിരിക്കുന്നത്. കാംപ കോളയുടെ വമ്പിച്ച വിജയത്തിന് ശേഷം, പാർലേ, ബ്രിട്ടാനിയ തുടങ്ങിയ ഭീമൻമാർ അടക്കിവാഴുന്ന ബിസ്കറ്റ് വിപണിയിലേക്ക് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള കമ്പനി രംഗപ്രവേശം ചെയ്യുന്നത് ഏറെ ആകാംക്ഷയോടെയാണ് ബിസിനസ് ലോകം നോക്കിക്കാണുന്നത്. കുറച്ചു വർഷങ്ങൾക്ക് മുമ്പ് കാംപ കോളയെ തിരികെ കൊണ്ടുവന്ന് അന്താരാഷ്ട്ര ബ്രാൻഡുകൾക്ക് വലിയ വെല്ലുവിളി ഉയർത്താൻ റിലയൻസിനായിരുന്നു. സമാനമായ മുന്നേറ്റം ഈ മേഖലയിലും ഉണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പ്രമുഖ തമിഴ് താരം അജിത് ഉൾപ്പെടെയുള്ളവരെ അംബാസഡർമാരായി നിയമിച്ചാണ് കമ്പനി തങ്ങളുടെ പ്രചാരണ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. പവർ അപ്, ബട്ടർ ബ്ലിസ്, മിൽകി പവർ, മാരി പ്രൈം, കോകോ വാനില ആൻഡ് ചോക്കലേറ്റ്, ക്രീം യം ഓറഞ്ച്, ക്രീം യം ചോകോ, കോകോ ബോർബൺ, ഗ്ലൂക്കോസ് ബൂസ്റ്റ് തുടങ്ങിയവയാണ് പുതിയ ഉൽപ്പന്നങ്ങൾ. നവംബർ രണ്ട് മുതൽ തമിഴ്‌നാട്ടിൽ ലഭ്യമായി തുടങ്ങിയ ഈ ബിസ്കറ്റുകൾ വൈകാതെ മറ്റ് സംസ്ഥാനങ്ങളിലും എത്തും. ദക്ഷിണേന്ത്യയിൽ ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനി, 5 രൂപ മുതൽ 125 രൂപ വരെയുള്ള നിരക്കിലാണ് ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുന്നത്.

∙ 90,300 കോടിയുടെ വിപണി സാധ്യത: റിലയൻസ് ജിയോ വിപണി പിടിച്ചടക്കിയതുപോലെ, ബിസ്കറ്റ് വിപണിയിലെ വലിയ അവസരങ്ങൾ മുതലെടുക്കാനാണ് റിലയൻസിന്റെ ലക്ഷ്യം. മോത്തിലാൽ ഓസ്‍വാളിന്റെ 2026-ലെ കൺസ്യൂമർ ഫൂഡ്സ് റിപ്പോർട്ട് പ്രകാരം, 2023-24 വർഷത്തിൽ 55,100 കോടി രൂപയുടെ ബിസ്കറ്റ് വിപണിയാണ് രാജ്യത്തുള്ളത്. ഇത് 2028-29 വർഷമാകുമ്പോഴേക്കും 90,300 കോടി രൂപയായി വളരുമെന്നാണ് വിലയിരുത്തൽ. 10.4 ശതമാനമാണ് വാർഷിക വളർച്ചാ നിരക്ക്. 90 ശതമാനത്തോളം വിപണി പങ്കാളിത്തവും ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്കാണ്. നിലവിൽ 32 ശതമാനം വിപണി വിഹിതവുമായി ബ്രിട്ടാനിയ മുന്നിൽ നിൽക്കുമ്പോൾ, പാർലേ, ഐടിസി, പതഞ്ജലി തുടങ്ങിയവരും ശക്തമായ മത്സരത്തിലുണ്ട്. എന്നാൽ റിലയൻസിന്റെ വിപുലമായ വിതരണ ശൃംഖല ബിസ്കറ്റ് വിപണിയിലും നിർണ്ണായകമാകുമെന്നാണ് വിപണി വിദഗ്ധരുടെ നിഗമനം.

∙ വെല്ലുവിളിയാകുമെന്ന് ബ്രിട്ടാനിയ: ബിസ്കറ്റ് വിപണിയിലേക്കുള്ള റിലയൻസിന്റെ വരവ് അത്ര എളുപ്പമുള്ള കാര്യമായിരിക്കില്ലെന്ന് ബ്രിട്ടാനിയ ഇൻഡസ്ട്രീസ് സിഇഒ രക്ഷിത് ഹാർഗാവേ അഭിപ്രായപ്പെടുന്നു. അഞ്ച്, പത്ത് രൂപ പാക്കറ്റുകൾക്ക് വലിയ സ്വാധീനമുള്ള ഈ വിപണിയിൽ ചുവടുറപ്പിക്കുന്നത് കാംപ കോളയുടെ വിജയം പോലെ നിസ്സാരമല്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. എങ്കിലും, റിലയൻസിന്റെ നീക്കങ്ങളെ വളരെ ശ്രദ്ധയോടെയാണ് തങ്ങൾ നിരീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Travel ⏭️

Back to top button