NEWS
ഒമാനിൽ ചരക്കുകപ്പലിന് തീപിടിത്തം: 22 ജീവനക്കാരെ യുഎഇ നാഷനൽ ഗാർഡ് രക്ഷപ്പെടുത്തി

മസ്കത്ത്/അബുദാബി∙ ഒമാൻ കടലിൽ വെച്ച് ചരക്കുകപ്പലിന് തീപിടിച്ച സംഭവത്തിൽ, അതിൽ കുടുങ്ങിക്കിടന്ന 22 ജീവനക്കാരെ യുഎഇ നാഷനൽ ഗാർഡ് അതിസാഹസികമായി രക്ഷപ്പെടുത്തി. കപ്പലിലുണ്ടായിരുന്ന അറബ് വംശജരായ മുഴുവൻ ജീവനക്കാരെയും പരിക്കുകളൊന്നും കൂടാതെ സുരക്ഷിതരായി പുറത്തെത്തിക്കാൻ സാധിച്ചുവെന്ന് നാഷനൽ ഗാർഡ് അധികൃതർ സ്ഥിരീകരിച്ചു.
കപ്പലിൽ തീപിടുത്തമുണ്ടായെന്ന വിവരം ലഭിച്ച ഉടൻ തന്നെ കോസ്റ്റ് ഗാർഡ് അടിയന്തരമായി രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയായിരുന്നു. വിവരമറിഞ്ഞയുടൻ സംഭവസ്ഥലത്തേക്ക് കുതിച്ചെത്തിയ പ്രത്യേക രക്ഷാസംഘം, കപ്പൽ കൃത്യമായി കണ്ടെത്തുകയും മിന്നൽ വേഗത്തിൽ ജീവനക്കാരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുകയുമായിരുന്നു. അതേസമയം, കപ്പലിൽ തീ പടരാനുണ്ടായ യഥാർത്ഥ സാഹചര്യം ഇതുവരെ പുറത്തുവന്നിട്ടില്ല.




