സിനിമകളുടെ പേര് മാറ്റാനുള്ള നിർദ്ദേശം: സെൻസർ ബോർഡിനെതിരെ ഫിലിം ചേംബർ

കേരള ഫിലിം ചേംബർ
കൊച്ചി: ചലച്ചിത്ര സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് കേന്ദ്ര സെൻസർ ബോർഡ് കൊണ്ടുവന്ന പുതിയ പരിഷ്കാരങ്ങളിൽ ശക്തമായ വിയോജിപ്പുമായി കേരള ഫിലിം ചേംബർ രംഗത്ത്. നിലവിലെ ഉത്തരവുകൾ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഫിലിം ചേംബർ ജനറൽ സെക്രട്ടറി സോണി തോമസ് ജോൺ, സെൻസർ ബോർഡ് സിഇഒ രാജേന്ദ്ര സിംഗിന് ഔദ്യോഗികമായി കത്തയച്ചു.
സിനിമകളുടെ സെൻസറിംഗുമായി ബന്ധപ്പെട്ട പുതിയ നിർദേശങ്ങൾ ഒക്ടോബർ 26-നാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ പുറപ്പെടുവിച്ചത്. 18 അംഗങ്ങളെ ഉൾപ്പെടുത്തി ബോർഡ് പുനഃസംഘടിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഇത്തരമൊരു തീരുമാനമുണ്ടായത്. ചിത്രങ്ങളുടെ തലക്കെട്ടുകൾ മുൻകൂട്ടി തീരുമാനിക്കാൻ നിർമാതാക്കൾക്ക് കഴിയില്ലെന്നും, അത് മാറ്റം വരുത്താൻ സെൻസർ ബോർഡിന് പൂർണമായ അധികാരമുണ്ടെന്നും പുതിയ മാർഗനിർദേശങ്ങളിൽ വ്യക്തമാക്കുന്നു.
സിനിമയുടെ പേര് മാറ്റാനുള്ള അധികാരം പരിശോധനാ സമിതിയിൽ നിക്ഷിപ്തമാണ്. ഇതിനുപുറമെ, റിലീസ് തീയതി മുൻകൂട്ടി കണ്ട് സർട്ടിഫിക്കേഷൻ നടപടികൾ വേഗത്തിലാക്കുകയില്ലെന്നും, നിർമാണം പൂർത്തിയാകാത്ത (വർക്ക്-ഇൻ-പ്രോഗ്രസ്) ചിത്രങ്ങളുടെ അപേക്ഷകൾ മേലിൽ പരിഗണിക്കില്ലെന്നും ബോർഡ് അറിയിച്ചിരുന്നു. ഈ നിബന്ധനകൾ തിരുത്തണമെന്നാണ് ഫിലിം ചേംബറിന്റെ പ്രധാന ആവശ്യം.
സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി അന്തിമഘട്ടത്തിലാണ് സെൻസർ ബോർഡിന്റെ അംഗീകാരത്തിനായി സമർപ്പിക്കുന്നത്. ഈ ഘട്ടത്തിൽ പേര് മാറ്റാൻ നിർദേശിച്ചാൽ അത് നിർമാതാക്കൾക്ക് വലിയ സാമ്പത്തിക ബാധ്യതയും പ്രതിസന്ധിയും സൃഷ്ടിക്കുമെന്ന് സോണി തോമസ് ജോൺ അയച്ച കത്തിൽ പ്രത്യേകം പരാമർശിക്കുന്നു.




