NEWS

വിമാനത്താവളത്തിനുള്ളിൽ ഫോട്ടോയ്ക്കും ലൈവ് സ്ട്രീമിങ്ങിനും നിരോധനം; ലംഘിച്ചാൽ നടപടി

കുവൈത്ത് സിറ്റി: കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിനുള്ളിൽ ഫോട്ടോ എടുക്കുന്നതിനും വിഡിയോ ചിത്രീകരിക്കുന്നതിനും തത്സമയ സംപ്രേക്ഷണം നടത്തുന്നതിനും സിവിൽ ഏവിയേഷൻ അതോറിറ്റി കർശന നിരോധനം ഏർപ്പെടുത്തി. വിമാനത്താവളത്തിലെ ജീവനക്കാർക്കും അവിടെ സേവനമനുഷ്ഠിക്കുന്ന വിവിധ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കും ഈ നിയന്ത്രണം ഒരുപോലെ ബാധകമായിരിക്കും.

ടെർമിനലുകൾ, വിമാനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലങ്ങൾ, അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള സാങ്കേതിക-ഭരണ വിഭാഗങ്ങൾ എന്നിവിടങ്ങളിലൊന്നും മൊബൈൽ ഫോണുകളോ ക്യാമറകളോ മറ്റ് അത്യാധുനിക ഉപകരണങ്ങളോ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്താനോ ലൈവ് സ്ട്രീമിങ് നടത്താനോ അനുവാദമുണ്ടായിരിക്കുന്നതല്ല. ഔദ്യോഗിക രേഖകൾ, രഹസ്യ സ്വഭാവമുള്ള കത്തിടപാടുകൾ, സുരക്ഷാ ക്രമീകരണങ്ങൾ, പരിശോധനാ സംവിധാനങ്ങൾ, നിരീക്ഷണ ക്യാമറകൾ, വിമാനങ്ങളുടെ സഞ്ചാരപാതകൾ, പ്രവർത്തന രീതികൾ എന്നിവ ചിത്രീകരിക്കുന്നതും അവ പുറത്തുവിടുന്നതും അതീവ ഗൗരവത്തോടെയാണ് അതോറിറ്റി കാണുന്നത്. ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

Fashion ⏭️

Back to top button