ഓണത്തിന് വാടിയതല്ല, നല്ല ഫ്രഷ് മുല്ലപ്പൂവ് ചൂടാം: പരീക്ഷിക്കാം ഈ പൊടികൈകൾ

പ്രതീകാത്മക ചിത്രം
ഓണാഘോഷത്തിൽ ഒഴിവാക്കാനാകാത്ത ഒന്നാണ് മുല്ലപ്പൂവ്. കാലത്തിനൊട്ട് ഫാഷനും ട്രെൻഡും മാറിയാലും മുല്ലപ്പൂവ് ഓണത്തിന് നിർബന്ധമാണ്. ഈ സമയം പൂവിന്റെ വില കൂടാൻ സാദ്ധ്യതയുള്ളതിനാൽ പലരും നേരത്തെ തന്നെ വാങ്ങിസൂക്ഷിക്കാറുണ്ട്. എന്നാൽ ഇങ്ങനെ വാങ്ങുന്ന പൂക്കൾ പെട്ടെന്ന് വാടിപോകുമെന്നാണ് പലരുടെയും ആശങ്ക. എന്നാൽ ഇനി ടെൻഷൻ വേണ്ട. മുല്ലപ്പൂക്കൾ ഫ്രഷ് ആയി സൂക്ഷിക്കാനുള്ള ചില പൊടികൈകൾ പരിചയപ്പെടാം.
മുല്ലപ്പൂ വാങ്ങുമ്പോൾ നന്നായി വിരിഞ്ഞ പൂക്കളേക്കാൾ അൽപ്പം മൊട്ടായിരിക്കുന്ന പൂക്കൾ വേണം തെരഞ്ഞെടുക്കാൻ. പൂർണമായി വിരിഞ്ഞ പൂക്കൾ വേഗത്തിൽ വാടാൻ സാദ്ധ്യതയുണ്ട്. അമർത്തിയോ കുത്തിനിറച്ചോ വച്ച പൂക്കൾ ഒരിക്കലും വാങ്ങരുത്. മാത്രമല്ല വാങ്ങിയ പൂവ് ഒരുപാട് നേരം വാഹനത്തിലേ വെയിൽ അടിക്കുന്ന സ്ഥലത്തോ വയ്ക്കാനും പാടില്ല.
ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വൃത്തിയുള്ള വെളുത്ത പേപ്പറിലോ ടിഷ്യു പേപ്പറിലോ പൂവ് മെല്ലെ പൊതിയണം. ഇനി ഇത് അത്യാവശ്യം വലിപ്പമുള്ള അടപ്പുള്ള പാത്രത്തിൽ വച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാം. പൂക്കൾക്കിടയിൽ ആവശ്യത്തിന് വായുസഞ്ചാരവും ശരിയായ ഈർപ്പവും ലഭിക്കുന്ന വിധത്തിൽ സൂക്ഷിക്കുന്നതാണ് നല്ലത്. പൂവ് പൂർണമായും നനഞ്ഞുകിടക്കുന്നതും ഒഴിവാക്കണം.
പൂവ് സൂക്ഷിക്കേണ്ട മറ്റുരീതികൾ
ഫ്രിഡ്ജ് ഇല്ലെങ്കിലും പൂവ് സൂക്ഷിക്കാം. ഒരു വൃത്തിയുള്ള മൃദുവായ കോട്ടൺ തുണി അൽപ്പം നനച്ച് നന്നായി പിഴിഞ്ഞെടുക്കാം. നേരിയ ഈർപ്പം മാത്രം മതിയാകും. ഈ തുണിയിൽ മുല്ലപ്പൂ മെല്ലെ പൊതിഞ്ഞ് തണുത്ത സ്ഥലത്ത് സൂക്ഷിച്ചുവയ്ക്കാം. വെളിച്ചവും ഫാനിന്റെ ശക്തമായ കാറ്റും നേരിട്ട് ലഭിക്കാത്ത ഇടം തിരഞ്ഞെടുക്കുക. മാത്രമല്ല പൂവ് ചൂട് ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വാടിയതോ ചതഞ്ഞതോ ആയ പൂക്കൾ മാറ്റിവയ്ക്കണം.
പൂവ് വെയിലത്ത് വയ്ക്കരുത്.
പ്ലാസ്റ്രിക് കവറിൽ കുത്തിനിറച്ച് മുറുക്കി കെട്ടരുത്.
പൂക്കൾ ഒരിക്കലും അമർത്തിപ്പിടിക്കരുത്.
ഉപയോഗിക്കുന്നതിന് തൊട്ടുമുൻപ് മാത്രം തലയിൽ ചൂടുന്നതാണ് നല്ലത്.
English Summary
This article provides practical tips for preserving jasmine flowers, a traditional Onam essential, amidst anticipated price increases and early purchases. It advises selecting slightly budded flowers. Preservation methods include wrapping them in tissue for refrigerated storage or using a damp cotton cloth for non-fridge options, emphasizing avoiding direct sunlight, heat, and crushing to maintain freshness.
News ⏭️


