NEWS
പണമുണ്ടാക്കാൻ എളുപ്പവഴി; ഓണക്കാല സീസൺ മുതലെടുത്ത് സ്പാകൾ കേന്ദ്രീകരിച്ച് ലഹരിസംഘം സജീവം

തളിപ്പുഴ ∙ ഓണക്കാല സീസൺ മുതലെടുത്തു വയനാട് ജില്ലയിലെ സ്പാ സെന്ററുകൾ കേന്ദ്രീകരിച്ചു ലഹരി വിൽപന നടത്തുന്ന സംഘം സജീവം. തളിപ്പുഴയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 2.229 ഗ്രാം എംഡിഎംഎയുമായി താമരശ്ശേരി സ്വദേശി വി.സി. സായൂജ് (36) എന്നയാളെ പിടികൂടി. ലഹരിമരുന്ന് വിൽപനയ്ക്കായി ഉപയോഗിച്ച മൊബൈൽ ഫോണും ലഹരിവിൽപനയിലൂടെ ലഭിച്ച 10,000 രൂപയും എക്സൈസ് സംഘം പിടിച്ചെടുത്തു. സ്പായിൽ മസാജ് ചെയ്യുന്നതിനെത്തുന്നവരെ ലക്ഷ്യമിട്ടാണു ലഹരിവിൽപന.മറ്റു ജില്ലകളിൽനിന്നുൾപ്പെടെയുള്ളവർ അടങ്ങിയ വൻ റാക്കറ്റാണ് ഇതിനു പിന്നിലുള്ളതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. വൈത്തിരി, ബത്തേരി താലൂക്കുകളിലാണു കൂടുതൽ സ്പാ സെന്ററുകളുടെയും പ്രവർത്തനം. ജില്ലയിലെ ടൂറിസം മേഖലയിൽ കൂടുതൽ സ്പാ സെന്ററുകൾ ഉയരുന്നത് ഒട്ടേറെപ്പേർക്ക് ഉപജീവനമാർഗമാണ്. എന്നാൽ, നിയമവിധേയമായും അനുമതികളോടെയും പ്രവർത്തിക്കുന്ന കേന്ദ്രങ്ങൾക്കുപോലും ചീത്തപ്പേരുണ്ടാക്കുന്ന തരത്തിലാണു ലഹരിസംഘങ്ങൾ വലയൊരുക്കുന്നത്.പ്രാദേശിക ഏജന്റുമാരും സജീവം ലഹരിമരുന്നുകൾ വിതരണം ചെയ്യുന്നതിനായി പ്രാദേശികമായി ഏജന്റുമാരെ നിയമിക്കുകയും മുകളിലുള്ള സംഘം ഇവരിലേക്ക് സാധനങ്ങൾ എത്തിക്കുകയും ചെയ്യുന്ന രീതിയാണ് പിന്തുടരുന്നത്. അന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ ആളുകളെ ചോദ്യം ചെയ്യാനിരിക്കുകയാണ് എക്സൈസ്. ഓപ്പറേഷൻ തണ്ടറിന്റെയും ഓണം സ്പെഷൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെയും ഭാഗമായി കൽപറ്റ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി. ജിഷ്ണുവും സംഘവുമാണ് വൈത്തിരി തളിപ്പുഴ ഭാഗത്ത് റെയ്ഡ് നടത്തിയത്.പരിശോധനയിൽ അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ജി. അനിൽകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ ടി. മുഹമ്മദ് മുസ്തഫ, എം.വി. പ്രജീഷ്, വനിതാ സിവിൽ എക്സൈസ് ഓഫിസർ എസ്.എസ്. ജിജി എന്നിവർ പങ്കെടുത്തു.
Fashion ⏭️


