NEWS

കുഴഞ്ഞുവീണ് ഗൃഹനാഥന്റെ മരണം കൊലപാതകം; ഭാര്യ അറസ്റ്റിൽ

കുണ്ടറ:വീട്ടിൽ കുഴഞ്ഞുവീണ് ഗൃഹനാഥന്റെ മരണം വീട്ടുവഴക്കിനെ തുടർന്നുളള കൊലപാതകമെന്ന് പൊലീസ്. വെള്ളിമൺ വ്ലാവേത്ത് രാജുമന്ദിരത്തിൽ രാജുവാണ്(56) മരിച്ചത്. ഭാര്യ ലേഖാമേരി(48)യെ അറസ്റ്റ് ചെയ്തു.

പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ കഴുത്ത് ശക്തമായി മുറുക്കിയതിനെ തുടർന്നാണ് മരണമെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ലേഖാമേരിയെ കസ്റ്റഡിയിലെടുത്തു. കഴുത്തിൽ ബെൽറ്റ് മുറുക്കി ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് ചോദ്യം ചെയ്യലിൽ ലേഖാമേരി സമ്മതിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ 5.30 ഓടെ വീട്ടിൽ കുഴഞ്ഞുവീണെന്ന് പറഞ്ഞാണ് ഭാര്യയും ബന്ധുക്കളും രാജുവിനെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേയ്ക്കും മരിച്ചിരുന്നു. ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് കുണ്ടറ പൊലീസ് നടത്തിയ പ്രാഥമികപരിശോധനയിലാണ് രാജുവിന്റെ കഴുത്തിലെ പാടുകൾ ശ്രദ്ധയിൽപ്പെട്ടത്. ബന്ധുവിന്റെ മൊഴിയിൽ അസ്വാഭാവികമരണത്തിന് കേസെടുത്ത് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.

രാജു സ്ഥിരമായി വഴക്കുണ്ടാക്കുകയും തന്നെ മർദ്ദിക്കുകയും ചെയ്തിരുന്നതായി ലേഖാമേരി മൊഴിനൽകി. അടുത്തിടെ രാജുവിന് ലഭിച്ച കുടുംബസ്വത്ത് തന്റെ പേരിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും രാജു നിരസിച്ചു. ഇതേച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ലേഖാമേരിയുടെ മൊഴി.

രാജുവിന്റെ മൃതദേഹം ചെറുമൂട് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. ലേഖാമേരിയെ റിമാൻഡ് ചെയ്തു. ഇവർക്ക് ഒരു മകളുണ്ട്.

Read News ⏭️

Back to top button