NEWS

രണ്ട‌ുതരം പൗരരെ സൃഷ്ടിക്കരുത്; വോട്ടവകാശം എടുത്തുകളയുന്നതു ന്യായീകരിക്കാനാവില്ല ജസ്റ്റിസ് ഉജ്വൽ ഭുയാൻ


ന്യൂഡൽഹി ∙ ദശലക്ഷക്കണക്കിനു പൗരരുടെ വോട്ടവകാശം എടുത്തുകളയുന്നതു ന്യായീകരിക്കാനാവില്ലെന്നു സുപ്രീം കോടതി ജസ്റ്റിസ് ഉജ്വൽ ഭുയാൻ പറഞ്ഞു. ഹൈദരാബാദിലെ നാഷനൽ അക്കാദമി ഓഫ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച്ചിൽ ജസ്റ്റിസ് ബി.ആർ.സാഹ്‌നി മെമ്മോറിയൽ മൂട്ട് കോർട്ട് മത്സരത്തിന്റെ സമാപനപരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു ജസ്റ്റിസ് ഭുയാൻ. സമഗ്ര വോട്ടർ‌പട്ടിക പരിഷ്കരണമെന്ന് എടുത്തുപറഞ്ഞില്ലെങ്കിലും അതിന്റെ ഭാഗമായി 13 കോടിയിലേറെ വോട്ടുകൾ നീക്കിയതിനെതിരെ രാജ്യമെങ്ങും പ്രക്ഷോഭം നടക്കുന്നതിനിടെയാണ് പരാമർശമെന്നതു ശ്രദ്ധേയമാണ്; പ്രത്യേകിച്ച് കേസുകൾ ഇന്നു സുപ്രീം കോടതി പരിഗണിക്കുന്ന സാഹചര്യത്തിൽ.‘പ്രായപൂർത്തി വോട്ടവകാശം ദുർബലമാക്കുന്ന ഒരു പ്രക്രിയയും കോടതിക്ക് അംഗീകരിക്കാനാകില്ല. വിദേശഭരണത്തിനെതിരെ ഇന്ത്യ നടത്തിയ ദീർഘകാല പോരാട്ടവുമായി ഇഴചേർന്നുകിടക്കുന്നതാണു വോട്ടവകാശം. നമ്മുടെ സ്വാതന്ത്ര്യത്തിന്റെ പ്രകടനമാണത്. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകളുടെ അടിസ്ഥാനം വോട്ടാണ്. പൗരനിൽനിന്നു വോട്ടവകാശമോ വോട്ടർപട്ടികയിൽ ഉൾപ്പെടാനുള്ള അവകാശമോ വേർപെടുത്താൻ കഴിയില്ല. അതു ശരീരത്തിൽനിന്ന് ആത്മാവിനെ പുറത്തെടുക്കുന്നതിനു തുല്യമാണ്. വോട്ടവകാശമുള്ളവരും ഇല്ലാത്തവരും എന്ന തരത്തിൽ രണ്ട‌ുതരം പൗരരെ സൃഷ്ടിക്കുന്നത് ഭരണഘടന വ്യവസ്ഥ ചെയ്യുന്നില്ല. വോട്ടവകാശം നിഷേധിക്കുന്നത് ഭരണഘടനയുടെ 326, 14 വകുപ്പുകളുടെ ലംഘനമാണ്’ – ജസ്റ്റിസ് ഭുയാൻ പറഞ്ഞു.


Fashion ⏭️

Back to top button