NEWS

സുഹൃത്തിനൊപ്പം കാറിൽ പോകുമ്പോൾ ട്രക്കിടിച്ച് അപകടം; അമേരിക്കയിൽ ഇന്ത്യൻ യുവതിക്ക് ദാരുണാന്ത്യം


ഹൈദരാബാദ് ∙ അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ തെലങ്കാനയിലെ മഹാബുബാദ് സ്വദേശി ദരം സുപ്രിയ (31) അന്തരിച്ചു. ശനിയാഴ്ച രാത്രിയിൽ മിസോറിയിൽ നടന്ന വാഹനാപകടത്തിലാണ് യുവതി മരിച്ചത്. റസ്റ്ററന്റിൽ പാർട്ട് ടൈം ആയി ജോലി ചെയ്തിരുന്ന സുപ്രിയ ശനിയാഴ്ച രാത്രി റസ്റ്ററന്റ് അടച്ചതിനുശേഷം കാറിൽ സുഹൃത്തിനൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച കാറിൽ ട്രക്ക് വന്നിടിക്കുകയായിരുന്നു. സുപ്രിയ സംഭവസ്ഥലത്ത് തന്നെ മരിച്ചു. സുപ്രിയയുടെ സുഹൃത്തിനെ ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.സുപ്രിയയുടെ ഭർത്താവ് പി. രഞ്ജിത്തും അമേരിക്കയിലാണുള്ളത്. സോഫ്റ്റ്‌വെയർ ജീവനക്കാരനായി ജോലി ചെയ്യുന്ന ഇദ്ദേഹമാണ് സുപ്രിയയുടെ മരണവിവരം ഞായറാഴ്ച രാവിലെ നാട്ടിൽ അറിയിച്ചത്. സുപ്രിയയുടെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാൻ സഹായിക്കണമെന്ന് സുപ്രിയയുടെ പിതാവ് തെലങ്കാന സർക്കാരിനോട് ആവശ്യപ്പെട്ടു.


Fashion ⏭️

Back to top button