BUSINESS

പുരപ്പുറ സോളർ: പിഎം സൂര്യ ഘർ സബ്സിഡി കൂട്ടിയപ്പോൾ അപേക്ഷിക്കാൻ തിരക്ക്; പോർട്ടൽ തുറന്ന് 10 ദിവസംകൊണ്ട് 16,500 പേർ


ചെന്നൈ∙ പിഎം സൂര്യഭവനം പുരപ്പുറ സൗരോർജ പദ്ധതിയിൽ സബ്സിഡി കൂട്ടിയതോടെ അപേക്ഷകരുടെ എണ്ണത്തിൽ വൻ തിരക്ക്. 2024ൽ കേന്ദ്രസർക്കാർ ആവിഷ്കരിച്ച് നടപ്പാക്കുകയും അതിവേഗം ജനപ്രിയമായി മാറിയതുമായ പദ്ധതിയാണ് പിഎം സൂര്യഘർ മുഫ്ത് ബിജ്‍ലി യോജന അഥവാ പിഎം സൂര്യഭവനം പുരപ്പുറ സൗരോർജ പദ്ധതി. നിലവിൽ പിഎം സൂര്യ ഘർ മുഫ്ത് ബിജ്‍ലി യോജന പ്രകാരം 3 വിഭാഗങ്ങളിലായാണ് ഉപഭോക്താക്കൾക്ക് കേന്ദ്രത്തിന്റെ സബ്സിഡി ലഭിക്കുക. ഒരു കിലോവാട്ട് സോളർ സിസ്റ്റം വയ്ക്കുന്നവർക്ക് 30,000 രൂപവരെ. 2 കിലോവാട്ടിന് 60,000 രൂപവരെ. 3 കിലോവാട്ടിന് പരമാവധി 78,000 രൂപ.  എന്നാൽ, കൂടുതൽ പേരെ പദ്ധതിയിലേക്ക് ആകർഷിക്കാനായി വിവിധ സംസ്ഥാനങ്ങൾ സ്വന്തംനിലയ്ക്ക് അധിക സബ്സിഡി പ്രഖ്യാപിച്ചിരുന്നു. അതിലൊന്നാണ് തമിഴ്നാട്. വിജയ് സർക്കാർ അധിക സബ്സിഡി പ്രഖ്യാപിക്കുകയും ഇതിനായുള്ള പ്രത്യേക പോർട്ടൽ (https://www.tnebltd.gov.in/usrp/) തുറക്കുകയും ചെയ്തതിന് പിന്നാലെ അപേക്ഷിക്കാൻ തിരക്കേറി. പോർട്ടൽ തുറന്ന് 10 ദിവസമായപ്പോഴേക്കും 16,500 അപേക്ഷകൾ ലഭിച്ചെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു. തമിഴ്നാട് സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും സംയുക്ത സബ്സിഡി ആനുകൂല്യം ഇങ്ങനെ: ∙ ഒരുകിലോ വാട്ട് സിസ്റ്റം : 35,000 രൂപ ∙ 2 കിലോവാട്ട് : 70,000 രൂപ ∙ 3 കിലോവാട്ടും അതിനു മുകളിലും : പരമാവധി ഒരുലക്ഷം രൂപ.  പരമാവധി 22,000 രൂപയാണ് തമിഴ്നാട് സ്വന്തം നിലയ്ക്ക് സബ്സിഡി നൽകുന്നത്. ഉപഭോക്താക്കൾക്ക് കേന്ദ്ര-സംസ്ഥാന സബ്സിഡി നേടുന്നതിലൂടെ ലഭിക്കുന്ന സാമ്പത്തിക ലാഭത്തിന്റെ ഏകദേശ കണക്കും തമിഴ്നാട് സർക്കാർ വ്യക്തമാക്കുന്നുണ്ട്. അതിങ്ങനെ: ∙ ഒരു കിലോവാട്ട് റൂഫ്ടോഫ് ശേഷി: പ്രാഥമിക വിപണിവില 70,500 രൂപ. കേന്ദ്ര സബ്സിഡി 30,000 രൂപ. സംസ്ഥാന സബ്സിഡി 5000 രൂപ. ആകെ സബ്സിഡി 35,000 രൂപ. ഉപയോക്താവിന് സബ്സിഡി കിഴിച്ചുള്ള ചെലവ് 42,500 രൂപ. ∙ 2 കിലോവാട്ട് ശേഷി: വിപണിവില 1,42,500 രൂപ. കേന്ദ്ര സബ്സിഡി 60,000 രൂപ. സംസ്ഥാന സബ്സിഡി 10,000 രൂപ. ആകെ സബ്സിഡി 70,000 രൂപ. ഉപയോക്താവിന് ചെലവ് 72,500 രൂപ. ∙ 3 കിലോവാട്ടും അതിനു മുകളിലും ശേഷി: വിപണിവില 2 ലക്ഷം രൂപ. കേന്ദ്ര സബ്സിഡി 78,000 രൂപ. സംസ്ഥാന സബ്സിഡി 22,000 രൂപ. ആകെ സബ്സിഡി ഒരുലക്ഷം. ഉപയോക്താവിന് ചെലവ് ഒരു ലക്ഷം. അതായത്, ഒരുലക്ഷം രൂപ ലാഭിക്കാം. ഡൽഹി, ബിഹാർ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും പിഎം സൂര്യ ഭവനം പദ്ധതിയിൽ സ്വന്തംനിലയ്ക്കുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര സബ്സിഡിക്ക് പുറമേ 15,000 രൂപ മുതൽ 30,000 രൂപവരെയാണ് ഉത്തർ പ്രദേശ് നൽകുന്നത്. രാജ്യത്ത് ഓരോ മാസവും ഏറ്റവുമധികം ഉപയോക്താക്കളെ ചേർക്കുന്ന സംസ്ഥാനവും ഇപ്പോൾ ഉത്തർപ്രദേശാണ്. ഡൽഹി സർക്കാർ പ്രതിമാസം 400 യൂണിറ്റുവരെ വൈദ്യുതി ഉപയോഗിക്കുന്ന 2.25 ലക്ഷം കുടുംബങ്ങൾക്ക് 3 കിലോവാട്ട് വരെ ശേഷിയുള്ള സോളർ പാനൽ സൗജന്യമായി സ്ഥാപിച്ച് നൽകും. ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം എന്ന രീതിയിലാണിത്. ഇതിനായി പ്രത്യേക പോർട്ടലും ഡൽഹി സർക്കാർ തുറന്നു. സംസ്ഥാനത്തെ പുരപ്പുറ സോളർ സബ്സിഡി വിഹിതം പിഎം സൂര്യഘർ പദ്ധതിയിൽ ഇരട്ടിയാക്കുകയും ചെയ്തിട്ടുണ്ട്. കേന്ദ്രം പരമാവധി 78,000 രൂപയാണ് നൽകുന്നത്. ഡൽഹി സർക്കാരും 78,000 രൂപവരെ നൽകും. ഇതോടെ ഉപയോക്താവിന് 1.56 ലക്ഷം രൂപവരെ നേടാം.  ബിഹാർ കേന്ദ്ര വിഹിതത്തിനൊപ്പം 20,000 രൂപ കൂടിച്ചേർത്ത് 98,000 രൂപയാക്കി. ജമ്മുകശ്മീർ, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളും പദ്ധതി വ്യാപകമാക്കാനുള്ള ശ്രമത്തിലാണ്. കേന്ദ്ര സബ്സിഡി, ബാങ്ക് വായ്പ, നെറ്റ് മീറ്ററിങ് തുടങ്ങിയവ സംബന്ധിച്ച് ബോധവൽക്കരണം നടത്തി ഉപയോക്താക്കളെ ആകർഷിക്കാനാണ് തെലങ്കാന ശ്രമിക്കുന്നത്.  ജമ്മു കശ്മീരിൽ ഇതിനകം 43,000 വീടുകളിൽ പിഎം സൂര്യ ഘർ പ്രകാരം പുരപ്പുറ സോളർ സ്ഥാപിച്ചു. ജമ്മുവിൽ 17,000വും കശ്മീരിൽ 26,000 വീടുകളിലാണിത്. 100 മെഗാവാട്ട് ഉൽപാദനശേഷി എന്ന പ്രാഥമിക ലക്ഷ്യവും ജമ്മു കശ്മീർ കൈവരിച്ചു. കേന്ദ്ര സബ്സിഡിക്ക് പുറമേ ജമ്മു കശ്മീരിൽ ടോപ്-അപ് സബ്സിഡി നൽകുന്നതും പരിഗണിക്കുന്നുണ്ട്.


Travel ⏭️

Back to top button