SPORTS

ഇഷാൻ കിഷൻ പുറത്ത്, പകരക്കാരനായി യുവ വിക്കറ്റ് കീപ്പർ; ജന്മദിനത്തിൽ ഇന്ത്യൻ ട്വന്റി20 ടീമിലേക്ക് ആദ്യ വിളിയെത്തി


ക്രൈസ്റ്റ്ചർച്ച് ∙ ന്യൂസീലൻഡിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിനുള്ള ഇന്ത്യൻ ട്വന്റി20 ടീമിൽ, പരുക്കേറ്റ ഇഷാൻ കിഷന് പകരക്കാരനായി വിക്കറ്റ് കീപ്പർ ബാറ്റർ കുമാർ കുശാഗ്രയെ ഉൾപ്പെടുത്തി. നിലവിൽ ഇന്ത്യ എ ടീമിന്റെ ഭാഗമായി ക്രൈസ്റ്റ്ചർച്ചിലുള്ള 22 വയസ്സുകാരനായ താരം, ശനിയാഴ്ച ഇവിടെ നടക്കാനിരിക്കുന്ന രണ്ടാം ട്വന്റി20 മത്സരത്തിനായി ഉടൻ തന്നെ ടീമിനൊപ്പം ചേരും. ഇന്ത്യൻ ട്വന്റി20 ടീമിലേക്ക് ആദ്യമായാണ് കുമാർ കുശാഗ്രയെ തിരഞ്ഞെടുക്കുന്നത്. നേരത്തെ, ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിലെ നാലും അ‍ഞ്ചും ഏകദിന മത്സരങ്ങൾക്കുള്ള ടീമിൽ ബാക്അപ് വിക്കറ്റ് കീപ്പറായി കുശാഗ്രയെ ഉൾപ്പെടുത്തിയിരുന്നു. ഐപിഎലിൽ ശുഭ്മൻ ഗിൽ നായകനായ ഗുജറാത്ത് ടൈറ്റൻസ് താരമാണ് കുമാർ കുശാഗ്ര.എന്നാൽ കുശാഗ്ര പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിക്കുമോ എന്നു കണ്ടറിയണം. കൗമാരതാരം വൈഭവ് സൂര്യവംശി പ്ലേയിങ് ഇലവനിലേക്ക് തിരിച്ചെത്താൻ സാധ്യതയുണ്ടെന്ന് ബാറ്റിങ് കോച്ച് സിതാൻഷു കോട്ടക് വെള്ളിയാഴ്ച സൂചിപ്പിച്ചിരുന്നു. തൽക്കാലം രണ്ടാം മത്സരത്തിനുള്ള ടീമിൽനിന്നു മാത്രമാണ് ഇഷാൻ കിഷാനെ ഒഴിവാക്കിയിരിക്കുന്നത്. പരുക്ക് ഗുരുതരമാണെങ്കിൽ പരമ്പര പൂർണമായും താരത്തിന് നഷ്ടമാകും. നിലവിൽ ഐസിസി ട്വന്റി20 ബാറ്റർമാരുടെ റാങ്കിങ്ങിൽ ഒന്നാമതാണ് ഇഷാൻ കിഷൻ.∙ ബർത്ത്ഡേ ഗിഫ്റ്റ്! 2024ലെ ഐപിഎൽ ലേലത്തിൽ 7.2 കോടി രൂപയ്ക്കാണ് ഡൽഹി ക്യാപിറ്റൽസ് താരത്തെ സ്വന്തമാക്കിയതെങ്കിലും നാലു മത്സരങ്ങളിൽനിന്നു മൂന്നു റൺസ് മാത്രമാണ് നേടാനായത്. പിന്നീട് 2025ൽ 65 ലക്ഷം രൂപയ്ക്ക് ഗുജറാത്ത് ടൈറ്റൻസ് കുശാഗ്രയെ വാങ്ങുകയും 2026 സീസണിൽ നിലനിർത്തുകയും ചെയ്തു. 2025-26 ആഭ്യന്തര സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത കുശാഗ്ര, ജാർഖണ്ഡ് കന്നി സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം ചൂടിയപ്പോൾ 10 മത്സരങ്ങളിൽ നിന്ന് 422 റൺസ് സംഭാവന ചെയ്തു. ഫൈനലിൽ 38 പന്തിൽ 81 റൺസ് അടിച്ചുകൂട്ടിയ താരം, രഞ്ജി ട്രോഫിയിൽ ബറോഡയ്ക്കെതിരെ 234 റൺസും നേടിയിരുന്നു. പിന്നീട് ഈസ്റ്റ് സോണിനായി ദുലീപ് ട്രോഫി ഫൈനലിൽ സെഞ്ച്വറി നേടിയ കുശാഗ്ര, പുതുച്ചേരിയിൽ ഓസ്‌ട്രേലിയ എ ടീമിനെതിരായ മത്സരത്തിൽ ഇന്ത്യ എ ടീമിനായി 113 റൺസും നേടി.


Auto ⏭️

Back to top button