NEWS
ഭാരവാഹനങ്ങൾ കയറുമ്പോൾ പാലം മൊത്തം കുലുങ്ങും; ഇത് വടക്കഞ്ചേരിയിലെ പഞ്ചവടിപ്പാലം !

വടക്കഞ്ചേരി ∙ പഞ്ചവടിപ്പാലം എന്നല്ലാതെ എന്തു വിളിക്കാൻ, ദേശീയപാത 544ലെ വടക്കഞ്ചേരി മേൽപാലത്തെ…! 2022ൽ തുറന്ന പാലം 126 തവണയാണു കുത്തിപ്പൊളിച്ചു നന്നാക്കിയത്. എന്നിട്ടും മഴ പെയ്തതോടെ പാലത്തിൽ ജോയിന്റുകൾ വഴി വെള്ളം ഒലിച്ചിറങ്ങുകയാണ്. ഈ ഭാഗത്തു കമ്പികൾ കാണാം. അതോടെ പാലം വീണ്ടും അടച്ചു. നിർമാണത്തിൽ വലിയ അഴിമതി നടന്നുവെന്നാണു സംശയിക്കുന്നത്. എന്നിട്ടും സർക്കാരിന്റെയോ ജനപ്രതിനിധികളുടെയോ ഭാഗത്തുനിന്നു ശക്തമായ ഇടപെടൽ ഉണ്ടാകുന്നില്ല.പാലത്തിൽ പാലക്കാട്ടു നിന്നു തൃശൂരിലേക്കു പോകുന്ന ഭാഗത്തെ മൂന്നുവരിപ്പാതയാണ് അടച്ചത്. പാലക്കാട് ദിശയിലേക്കുള്ള റോഡിലെ ഒരു ഭാഗവും അടച്ചിട്ടിരിക്കുകയാണ്. തൃശൂർ ദിശയിലേക്കുള്ള വാഹനങ്ങൾ വടക്കഞ്ചേരി സർവീസ് റോഡ് വഴി തിരിച്ചുവിട്ടു. വൈകിട്ട് ഇവിടെ ഗതാഗതക്കുരുക്കാണ്. മേൽപാലത്തിന്റെ ജോയിന്റുകൾ ചേരുന്ന ഭാഗത്തെ കോൺക്രീറ്റ് പാളികളും ടാർ മിശ്രിതവും അടർന്നുവീഴുകയും മഴയിൽ പാലത്തിനടിയിലെ സിമന്റ് പാളികളിൽ വിള്ളൽ വീണു. നിലംപതിക്കുകയും ചെയ്തു. കോൺക്രീറ്റ് പാലത്തിന്റെ കമ്പികൾ പുറത്തേക്കു തള്ളിനിൽക്കുന്ന നിലയിലാണ്. പലവട്ടം അറ്റകുറ്റപ്പണികൾ ചെയ്ത ജോയിന്റുകളിലും വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. കോൺക്രീറ്റ് സ്ലാബുകളിൽ പലതും പൊട്ടിയ നിലയിലാണ്. ഭാരവാഹനങ്ങൾ പോകുമ്പോൾ പാലം മൊത്തമായി കുലുങ്ങുന്നുമുണ്ട്.
Fashion ⏭️




