ഒക്ടോബർ 24ലെ ഹർത്താൽ ; പത്തനംതിട്ട ജില്ലയിലെ ഏഴ് വില്ലേജുകളിൽ മാത്രമെന്ന് സിപിഎം

പ്രതീകാത്മക ചിത്രം
പത്തനംതിട്ട : ഒക്ടോബർ 24ന് പത്തനംതിട്ട ജില്ലയിലെ ഏഴ് വില്ലേജുകളിൽ മാത്രമേ സി.പി.എം ഹർത്താലിന് ആഹ്വാനം ചെയ്തിട്ടൂള്ളൂവെന്ന് ജില്ലാസെക്രട്ടറി രാജു എബ്രഹാം അറിയിച്ചു. ചില വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് മറ്റ് സ്ഥലങ്ങളിലും ഹർത്താലുണ്ടെന്ന് വ്യാജ പ്രചാരണം നടത്തുകയാണെന്ന് രാജു എബ്രഹാം പറഞ്ഞു.
പരിസ്ഥിതി ലോല മേഖല വിജ്ഞാപനം ബാധകമാകുന്ന ചിറ്റാർ, പെരുനാട്, വടശേരിക്കര, അരുവാപ്പുലം, കൊല്ലമുള, തണ്ണിത്തോട്, സീതത്തോട് വില്ലേജുകളിലാണ് ഹർത്താൽ നടത്തുന്നത്. എന്നാൽ റാന്നി താലൂക്കിലാകെയും ജില്ല മുഴുവനും ഹർത്താൽ എന്ന പ്രചാരണം വ്യാജമാണ്. ഒരു മാസത്തിലേറെയായി ഹർത്താലിന്റെ പ്രചാരണാർത്ഥം വിവിധ പരിപാടികൾ മേഖലയിൽ നടന്നുവരികയാണ്. സി.പി.എം നേതാക്കൾ പങ്കെടുത്ത പ്രചാരണ ജാഥകളും വില്ലേജുകളിൽ പര്യടനം നടത്തിയിരുന്നു. അതിലെല്ലാം പരിസ്ഥിതിലോല മേഖല ബാധകമാകുന്ന വില്ലേജുകളിലെ ഹർത്താൽ ഉള്ളൂ എന്ന വ്യക്തമാക്കിയിട്ടുളളതാണ്. കൂടുതൽ ജനവിഭാഗങ്ങൾ പിന്തുണച്ചതോടെ ഹർത്താൽ സമ്പൂർണമാകും എന്ന് കണ്ട് ഹാലിളകിയ ചിലരാണ് ഇതിന് പിന്നിൽ. പരിസ്ഥിതിലോല മേഖല പ്രഖ്യാപനം നടപ്പായി കഴിഞ്ഞാൽ 10-15 വർഷത്തിനുള്ളിൽ വനംവകുപ്പിന്റെ നിയന്ത്രണങ്ങൾ മൂലം വന്യമൃഗങ്ങൾ വർദ്ധിക്കുകയും പ്രദേശങ്ങൾ കൊടുംകാടായി മാറുകയും ചെയ്യും. ആ സാഹചര്യങ്ങൾ ജനങ്ങൾക്ക് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് ജനവാസ മേഖലകളെ ഒഴിവാക്കണമെന്ന് സി.പി.എം ആവശ്യപ്പെടുന്നത്. ജനങ്ങൾക്ക് വലിയതരത്തിൽ ആശങ്കയുണ്ടാക്കാനിടയാക്കിയ പരിസ്ഥിതിലോല മേഖലാ പ്രഖ്യാപനം ഡോ. മൻമോഹൻസിംഗ് മന്ത്രിസഭാംഗമായിരുന്ന കോൺഗ്രസ് നേതാവ് ജയറാം രമേശാണ് കൊണ്ടുവന്നതെന്നും രാജു എബ്രഹാം പറഞ്ഞു.




