HEALTH

ഏതു മാസം ഏതു രോഗം? പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ ഇനി പുതിയ കലണ്ടർ | Which Disease in Which Month? Health Department Releases New Epidemic Calendar


തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികൾ ഉയർത്തുന്ന വെല്ലുവിളികളും ആരോഗ്യ ഭീഷണികളും മറികടക്കാൻ ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ് തയ്യാറാക്കിയ പകർച്ചവ്യാധി പ്രതിരോധ കലണ്ടർ പുറത്തിറക്കി. രോഗവ്യാപനവും മരണങ്ങളും ഒഴിവാക്കുന്നതിന്റെ ഭാഗമായി വകുപ്പ് ആദ്യമായി രൂപകൽപ്പന ചെയ്ത കലണ്ടർ സെക്രട്ടേറിയറ്റ് പി.ആർ ചേംബറിൽ നടന്ന ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ പ്രകാശനം ചെയ്തു. പകർച്ചവ്യാധി പ്രതിരോധത്തിനായി ആരോഗ്യവകുപ്പ് രൂപീകരിച്ച ഹൈപവർ കമ്മിറ്റിയിലെ വിദഗ്ധരാണ് കലണ്ടർ തയ്യാറാക്കിയത്. ഇതിന്റെ ഭാഗമായി ഹെൽത്ത് ഇൻസ്‌പെക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ തങ്ങളുടെ പരിധിയിലുള്ള മുഴുവൻ വീടുകളിലുമെത്തി ബോധവത്കരണം നടത്തും. മുൻ സർക്കാറിന്റെ കാലത്ത് രോഗവ്യാപനമുണ്ടാകുന്ന സ്ഥലങ്ങളിൽ മാത്രം ആരോഗ്യപ്രവർത്തകർ എത്തിയാൽ മതിയെന്ന് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയിരുന്നുവെന്നും ഈ ഉത്തരവ് തിരുത്തുമെന്നും മന്ത്രി വ്യക്തമാക്കി. രോഗപ്രതിരോധവും ചികിത്സയും ഫലപ്രദമാകാൻ ആരോഗ്യവകുപ്പിനൊപ്പം മറ്റ് വകുപ്പുകളുടെയും പൊതുജനങ്ങളുടെയും കൃത്യമായ ഏകോപനവും പങ്കാളിത്തവും ആവശ്യമാണ്. ഈ ഏകോപനത്തിന് നേതൃത്വം നൽകുന്നതിന്റെ ഭാഗമായാണ് പ്രതിരോധ കലണ്ടർ പ്രസിദ്ധീകരിക്കുന്നത്. സംസ്ഥാനത്തെ മുഴുവൻ ജനങ്ങൾക്കും ലഭ്യമാക്കുന്നതിനൊപ്പം ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും കലണ്ടർ ലഭ്യമാക്കും. വിവിധ രോഗങ്ങൾ പടർന്നുപിടിക്കുന്നതിന്റെ ശാസ്ത്രീയ പ്രവണതകളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെങ്കിലും ഈ അറിവുകൾ പൊതുജനങ്ങൾക്കിടയിൽ സാർവത്രികമല്ലാത്തതാണ് പലപ്പോഴും തിരിച്ചടിയാകുന്നത്. ഓരോ മാസവും കേരളത്തിൽ ബാധിക്കാൻ സാധ്യതയുള്ള പ്രസക്തമായ രോഗങ്ങൾ, അവയുടെ ലക്ഷണങ്ങൾ, പകരുന്ന രീതി, വ്യക്തികളും സമൂഹവും സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്നിവയെല്ലാം കലണ്ടറിൽ വിശദമായി ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജനങ്ങളിൽ അവബോധം വർധിപ്പിച്ച് രോഗങ്ങളെ പൂർണ്ണമായി പ്രതിരോധിക്കുകയും ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടുന്ന രീതി പ്രോത്സാഹിപ്പിക്കുകയുമാണ് കലണ്ടറിലൂടെ ലക്ഷ്യമിടുന്നതെന്ന് ഹൈപവർ കമ്മിറ്റി ചെയർമാൻ ഡോ. എസ്.എസ്. ലാൽ പറഞ്ഞു. പുതിയ ശാസ്ത്രീയ വിവരങ്ങൾ ലഭ്യമാകുന്നതിനനുസരിച്ച് കലണ്ടർ കാലാനുസൃതമായി പുതുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ്, ആരോഗ്യവിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ.വി. വിശ്വനാഥൻ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. വി. മീനാക്ഷി, എസ്.എ.ടി ആശുപത്രിയിലെ മെഡിക്കൽ ജനറ്റിക്സ് വിഭാഗം മേധാവി ഡോ. ശങ്കർ വി.എച്ച് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


Life Style ⏭️

Back to top button