SPORTS

ഇന്ത്യയ്ക്കായി 2 ട്വന്റി20കളിൽ കളിച്ചു, ഐപിഎലിൽ മുൻ പഞ്ചാബ് താരം; ചീഫ് സിലക്ടർ സ്ഥാനത്തേയ്ക്ക് ബസിസിഐയുടെ ‘സർപ്രൈസ്’


മുംബൈ ∙ മുൻ ഇന്ത്യൻ പേസർ പർവിന്ദർ അവാനയെ ഇന്ത്യൻ പുരുഷ ജൂനിയർ ക്രിക്കറ്റ് ടീം സിലക്ഷൻ കമ്മിറ്റി ചെയർമാനായി നിയമിച്ച് ബിസിസിഐ. മുൻ ഇന്ത്യൻ സ്പിന്നർ ദൊഡ്ഡ ഗണേഷ് ജൂനിയർ സിലക്ഷൻ കമ്മിറ്റിയുടെ ചെയർമാനായേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ബിസിസിഐയുടെ സർപ്രൈസ് പ്രഖ്യാപനം. കൃഷ്ണ ദാസ്, രാകേഷ് പട്ടേൽ, എൻ. അർജുൻ യാദവ് എന്നിവരാണ് കമറ്റിയിലെ മറ്റ് അംഗങ്ങൾ. അഞ്ചാമത്തെ അംഗത്തെ പിന്നീട് തീരുമാനിക്കുമെന്നും ബിസിസിഐ അറിയിച്ചു. ഇന്ത്യക്കായി രണ്ടു ട്വന്റി20 മത്സരങ്ങൾ കളിച്ചിട്ടുള്ള പർവിന്ദർ അവാന, ഡൽഹിക്കായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 62 മത്സരങ്ങളിൽ നിന്നായി 191 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ഡൽഹി, ഇന്ത്യ എ, റെസ്റ്റ് ഓഫ് ഇന്ത്യ ടീമുകൾക്കായി കളിച്ചിട്ടുള്ള അവാന, ഐപിഎലിൽ കിങ്സ് ഇലവൻ പഞ്ചാബിനായും (ഇപ്പോൾ പഞ്ചാബ് കിങ്സ്) കളിച്ചിട്ടുണ്ട്. വിരമിച്ച ശേഷം കോച്ചിങ്ങിലേക്ക് തിരിഞ്ഞ അവാന, ഡൽഹിയുടെ അണ്ടർ-16, അണ്ടർ-19, അണ്ടർ-23 ടീമുകൾക്കൊപ്പവും ഇന്ത്യൻ അണ്ടർ-19 ടീമിനൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഡൽഹി സീനിയർ പുരുഷ ടീമിന്റെ ബോളിങ് കോച്ചായ അദ്ദേഹം, ഇന്ത്യൻ ജൂനിയർ പുരുഷ ചീഫ് സിലക്ടറാകുന്നതോടെ ആ പദവി ഒഴിഞ്ഞേക്കും. ഗുജറാത്തിനെയും ബറോഡയെയും പ്രതിനിധീകരിച്ച രാകേഷ് പട്ടേൽ, ഇന്ത്യ എ ടീമിനായും കളിച്ചിട്ടുണ്ട്. കൂടാതെ ദുലീപ് ട്രോഫി, ദേവ്ധർ ട്രോഫി, ഇറാനി ട്രോഫി എന്നിവയിലും പങ്കെടുത്തിട്ടുണ്ട്. അണ്ടർ-19, അണ്ടർ-23, സീനിയർ തലങ്ങളിൽ തന്റെ രണ്ട് മുൻ സംസ്ഥാന ടീമുകളെയും പരിശീലിപ്പിച്ചിട്ടുള്ള അദ്ദേഹം, 2025/26 സീസണിൽ ബറോഡ അണ്ടർ-23 ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു.


Auto ⏭️

Back to top button