SPORTS
‘നീ ടീമിലുണ്ടാകുമെന്ന് ഉറപ്പ് പറഞ്ഞു, പിന്നീട് ഫോൺ വിളിച്ചിട്ട് എടുത്തില്ല, മെസേജിന് റിപ്ലൈയില്ല’: കോലിക്കെതിരെ വെളിപ്പെടുത്തലുമായി മുൻ താരം

മുംബൈ ∙ ഇന്ത്യൻ ക്രിക്കറ്റിൽ ടീമിൽനിന്ന് ‘അകാലത്തിൽ’ വിരമിക്കേണ്ടി വന്ന താരമാണ് ലെഗ് സ്പിന്നർ അമിത് മിശ്ര. 2017ൽ ഇംഗ്ലണ്ടിനെതിരെ നടന്ന ട്വന്റി20 മത്സരത്തിലാണ് അമിത് മിശ്ര അവസാനമായി ഇന്ത്യൻ ജഴ്സി അണിഞ്ഞത്. എന്നാൽ ആ മത്സരത്തിനിടെയേറ്റ പരുക്കല്ലായിരുന്നെങ്കിൽ തനിക്ക് ഇന്ത്യൻ ടീമിനായി ഇനിയും കൂടുതൽ മത്സരങ്ങൾ കളിക്കാൻ സാധിക്കുമായിരുന്നെന്ന് മിശ്ര കരുതുന്നു. ‘‘ബെംഗളൂരുവിലെ ആ മത്സരത്തിനിടെയാണ് എനിക്ക് കാലിന് പരുക്കേൽക്കുന്നത്. പരുക്ക് കാരണം ഞാൻ മടങ്ങുമ്പോൾ അനിൽ കുംബ്ലെയായിരുന്നു കോച്ച്. ഞാൻ അനിൽ ഭായിയോട് സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, ‘വിഷമിക്കേണ്ട, കായിക്ഷമത വീണ്ടെടുത്താൽ നീ തനിയെ ടീമിലേക്ക് തിരിച്ചെത്തും’. പിന്നീട് വിരാട് കോഹ്ലി ക്യാപ്റ്റനായി. ഞാൻ വിരാടിനോടും ചോദിച്ചു, ‘ഭായ്, ഞാൻ ഇനി എന്താണ് ചെയ്യേണ്ടത്?’ വിരാട് പറഞ്ഞു, ‘നീ ഒട്ടും വിഷമിക്കേണ്ട. പൂർണ കായിക്ഷമത വീണ്ടെടുത്ത് സുഖം പ്രാപിക്കുക, നീ ടീമിലുണ്ടാകും.’’– മിശ്ര പറഞ്ഞു. ‘‘അതുകൊണ്ട് ഞാൻ അവന്റെ അടുത്ത് ചെന്ന് ചോദിച്ചു, ‘ഭയ്യാ, എന്താണ് ഇപ്പോഴത്തെ സാഹചര്യം?.’ അപ്പോൾ അവൻ പറഞ്ഞു, ‘ഒരാഴ്ചയോ പത്തു ദിവസത്തോ ഉള്ളിൽ ഞാൻ അറിയിക്കാം.’ പിന്നീട് ഒരാഴ്ച കഴിഞ്ഞു, രണ്ടാഴ്ച കഴിഞ്ഞു, മൂന്നാഴ്ച കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഒരു വിവരവും ഉണ്ടായില്ല. ഞാൻ അവനെ ഫോണിൽ വിളിച്ചു… പക്ഷേ അദ്ദേഹം ഫോൺ എടുത്തില്ല. ഞാൻ മെസേജ് അയച്ചു, അതിനും മറുപടി വന്നില്ല.’’– കോലി വാക്ക് പാലിച്ചില്ലെന്ന് കുറ്റപ്പെടുത്തിക്കൊണ്ട് മിശ്ര പറഞ്ഞു.
Auto ⏭️




