SPORTS

5 മത്സരം, പരിശീലനത്തിന് ഒരു ദിവസം: ‘ടൈറ്റ് ഷെഡ്യൂളിൽ’ ബിസിസിഐയെ ‘കുത്തി’ സഞ്ജു; മറ്റു താരങ്ങൾക്കൊപ്പം ന്യൂസീലൻഡിലേക്കില്ല?


ബെംഗളൂരു ∙ വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിൽ ഭേദപ്പെട്ട പ്രകടനമാണ് ഇന്ത്യൻ താരം സഞ്ജു സാംസൺ പുറത്തെടുത്തത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 11, 82, 3, 56, 16 എന്നിങ്ങനെയായിരുന്നു സഞ്ജുവിന്റെ സ്കോറുകൾ. മഴയെ തുടർന്ന് ബെംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ അവസാന മത്സരം ഉപേക്ഷിച്ചു. ‘‘വളരെ സത്യസന്ധമായി പറഞ്ഞാൽ, ഇപ്പോഴത്തെ മത്സരക്രമം അനുസരിച്ച് പരിശീലനത്തിനോ തയാറെടുപ്പുകൾക്കോ വലിയ സമയം ലഭിക്കാറില്ല.’’– വെസ്റ്റിൻഡീസിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിനു മുന്നോടിയായി ബ്രോഡ്കാസ്റ്ററോട് സംസാരിക്കവെ സഞ്ജു പറഞ്ഞു. മത്സരക്രമങ്ങളിലെ അമിത ജോലിഭാരത്തെക്കുറിച്ച് ബിസിസിഐയ്ക്ക് വ്യക്തമായ സന്ദേശം നൽകുന്നതായിരുന്നു സഞ്ജു വാക്കുകൾ. വിൻഡീസിനെതിരായ പരമ്പരയ്ക്കു തൊട്ടുപിന്നാലെ ഇന്ത്യൻ ടീം ന്യൂസീലൻഡിലേക്ക് പറക്കുകയാണ്. 22നാണ് ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പര ആരംഭിക്കുന്നത്. ഇതിനെക്കുറിച്ചും സഞ്ജു സംസാരിച്ചു. ‘‘ഞങ്ങൾ 20-ാം തീയതി അവിടെയെത്തും, 21ന് പരിശീലനം നടത്തും, 22ന് മത്സരത്തിനിറങ്ങും. അതിനാൽ, ഇവിടെ ഞങ്ങൾ ചെയ്ത നല്ല കാര്യങ്ങൾ അവിടെയും തുടരാൻ ശ്രമിക്കും. അവിടുത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ അൽപം സമയമെടുക്കും. അതുകൊണ്ട് സാഹചര്യങ്ങൾ വിലയിരുത്താൻ ഞങ്ങൾ രണ്ടു, മൂന്നു പന്തുകൾ എടുക്കും. അനുഭവത്തിലൂടെ പഠിച്ച കാര്യങ്ങൾ പിന്തുടരുകയും സാഹചര്യങ്ങളെ മാനിച്ചുകൊണ്ട് കളിക്കുകയും ചെയ്യും.’’– സഞ്ജു കൂട്ടിച്ചേർത്തു. അതേസമയം, ഇന്ത്യ ടീമിലെ മറ്റ് അംഗങ്ങൾക്കൊപ്പമാകില്ല സഞ്ജു ന്യൂസീലൻഡിലേക്ക് പോകുകയെന്നാണ് വിവരം.


Auto ⏭️

Back to top button