NEWS
യുദ്ധപ്രതിസന്ധി നെല്ലെടുപ്പിനുള്ള ചാക്കിന്റെ വിലയെയും ബാധിക്കുന്നു; വില വീണ്ടും ഉയരുമെന്ന് ആശങ്ക

പാലക്കാട് ∙ യുദ്ധപ്രതിസന്ധി നെല്ലെടുപ്പിനുള്ള ചാക്കിന്റെ വിലയെയും ബാധിക്കുന്നു. പുതിയ പ്ലാസ്റ്റിക് ചാക്ക് ഒന്നിന് 15 രൂപയാണു വില. കൊയ്ത്ത് സജീവമാകുന്നതോടെ വില വീണ്ടും ഉയരുമെന്ന ആശങ്കയുണ്ട്. കഴിഞ്ഞവർഷം 13–14 രൂപയായിരുന്നു വില. പഴയ ചാക്കിനു രണ്ടു രൂപവരെ കൂടി നിലവിൽ 12 രൂപയായി. ചാക്കിന്റെ വിലക്കയറ്റം നെൽക്കർഷകരെയും പ്രതിസന്ധിയിലാക്കുന്നു. നെല്ലു നിറയ്ക്കാൻ ഭൂരിഭാഗം കർഷകരും പ്ലാസ്റ്റിക് ചാക്കാണ് ഉപയോഗിക്കുന്നത്. ഓരോ സീസണിലും മൊത്തക്കച്ചവടക്കാരിൽ നിന്നു ചാക്ക് വാങ്ങുകയാണു പതിവ്. അസംസ്കൃത വസ്തുക്കളുടെ ലഭ്യത യുദ്ധപ്രതിസന്ധിയിൽ കുറഞ്ഞതാണു വിലക്കയറ്റത്തിനു കാരണം.ഒരു ചാക്കിൽ പരമാവധി 50–55 കിലോ നെല്ലാണു നിറയ്ക്കുക. 100 കിലോ നെല്ലു നിറയ്ക്കണമെങ്കിൽ 2 ചാക്ക് വേണം. ഇതിനായി പുതിയ ചാക്ക് വാങ്ങാൻ 30 രൂപ നൽകണം. അതേസമയം, 100 കിലോ നെല്ലിന്റെ കൈകാര്യച്ചെലവായി കർഷകർക്ക് ആകെ ലഭിക്കുന്നതു 12 രൂപയാണ്. നെല്ലു സംഭരണത്തിന് ആവശ്യമായ ചാക്ക് മില്ലുകൾ കർഷകർക്കു ലഭ്യമാക്കണമെന്നാണു വ്യവസ്ഥയെങ്കിലും പാലിക്കപ്പെടാറില്ല. ഗുണമേന്മയുള്ള ചണച്ചാക്കും ലഭിക്കാറില്ല. ഈ സാഹചര്യത്തിലാണു കർഷകർ പ്ലാസ്റ്റിക് ചാക്ക് ആശ്രയിക്കുന്നത്. ചാക്കിന്റെ വിലക്കയറ്റവും കർഷകരുടെ ബാധ്യതയാവുകയാണ്.
Fashion ⏭️




