BUSINESS
കേരളത്തിൽ ഇത് അപൂർവ ബിസിനസ്, യുവാവ് നേടുന്നത് മാസം 3 ലക്ഷം രൂപയുടെ ലാഭം; മത്സരം തീരെയില്ല, നിക്ഷേപവും കുറവ്

കേരളത്തിൽ അപൂർവമാണ് എന്നതിനാൽ മത്സരം തീരെ കുറവാണ്. വലിയ സാങ്കേതിക പ്രശ്നങ്ങളോ നിക്ഷേപമോ ആവശ്യമില്ലതാനും. മുഹമ്മദ് വസീം എന്ന യുവാവ് നാലുവർഷം മുൻപു തുടങ്ങിയ സംരംഭത്തെ വിജയത്തിലെത്തിച്ച ഘടകങ്ങൾ ഇവയാണ്. അടുത്ത ബന്ധു മുഹമ്മദ് ജസ്സിയുമായി ചേർന്ന് കോട്ടയം ജില്ലയിലെ മുണ്ടക്കയത്തിനടുത്ത് കോരത്തോട്, മടുക്ക എന്ന സ്ഥലത്താണ് വി.ജെ. കിച്ചൺ ചെയർ എന്ന സ്ഥാപനം. എന്താണ് ബിസിനസ്? ക്രോക്കറി പ്ലേറ്റുകളുടെ നിർമാണവും വിൽപനയുമാണ് ബിസിനസ്. മെലാമിൻ (Melamine) പ്ലേറ്റുകളാണ് നിർമിക്കുന്നത്. ഫുൾഗ്രേഡ് മെലാമിൻ പ്ലേറ്റുകൾ. വെർജിൻ മെലാമിൻ പ്ലേറ്റുകൾ എന്നൊരു വിഭാഗവും വിപണിയിൽ ലഭിക്കുന്നുണ്ട്. വ്യത്യസ്ത അളവിലും ആകൃതിയിലും ഡിസൈനിലും പ്രിന്റ് ചെയ്തും അല്ലാതെയും പ്ലേറ്റുകൾ നിർമിക്കുന്നു. പ്ലേറ്റാണ് പ്രധാന ഉൽപന്നം എങ്കിലും ക്രോക്കറിയിൽ കപ്പുകളും ഗിഫ്റ്റിനങ്ങളും നിർമിക്കുന്നു. ഡിന്നർസെറ്റുകളും വിൽപനയ്ക്കുണ്ട്. ആവശ്യക്കാർക്ക് പ്രത്യേക ഡിസൈൻ, അളവ്, പാറ്റേൺ എന്നിവയിൽ ഓർഡർ പ്രകാരം ഉൽപന്നങ്ങൾ നിർമിച്ചു നൽകും.എന്തുകൊണ്ട് ഇത്തരം സംരംഭം ക്രോക്കറി ഉൽപന്നങ്ങളുടെ വിതരണം നടത്തുന്ന സ്ഥാപനങ്ങളിൽ വ്യത്യസ്തങ്ങളായ പ്ലേറ്റുകളും ഡിന്നർസെറ്റുകളും സ്ഥിരമായി വിറ്റുപോകുന്നത് ശ്രദ്ധയിൽപെട്ടു. എന്നാൽ, ഇവയെല്ലാം മറ്റു സംസ്ഥാനങ്ങളിൽനിന്നുമാണ് എത്തുന്നത് എന്നു തിരച്ചറിഞ്ഞതോടെ എന്തുകൊണ്ട് ഇവ കേരളത്തിൽ നിർമിച്ചുകൂടാ എന്ന ചിന്തിച്ചു. ഇതിനെക്കുറിച്ചു കൂടുതൽ പഠിച്ചപ്പോൾ വലിയ അവസരങ്ങളുണ്ടെന്നും ലളിതമായി ചെയ്യാമെന്നും വിപണിയും മികച്ച ലാഭവും ലഭിക്കുമെന്നു മനസ്സിലാക്കി. അതോടെ സ്വന്തം നിർമാണ യൂണിറ്റ് തുടങ്ങാൻ തീരുമാനിക്കുകയായിരുന്നു. വ്യവസായ വകുപ്പിൽനിന്നു ലഭിച്ച പ്രോത്സാഹനം കാര്യങ്ങൾ എളുപ്പമാക്കി.ലളിതമായ നിർമാണ രീതി മെലാമിൻ ഉൽപന്നങ്ങൾ നിർമിക്കുന്നതിനു മുഖ്യമായും രണ്ട് അസംസ്കൃതവസ്തുക്കൾ വേണം. യൂറിയ ഫോമൽ ഡിഹൈഡ് മോർഡിങ് പൗഡർ (ഫുൾ ഗ്രേഡ്) ആണ് പ്രധാനം. ഒപ്പം മെലാമിൻ ക്രിസ്റ്റൽ കൂടി ഉപയോഗിക്കുന്നു. കേരളത്തിൽ ഇവ വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾ ഉള്ളതായി അറിയില്ല. ഡൽഹിയിലെ സ്വകാര്യ കച്ചവടക്കാരിൽനിന്നുമാണ് ഇവ ലഭിക്കുന്നത്. ക്രെഡിറ്റ് ലഭിക്കുകയില്ല. ഷോർട്ടേജ് വരാറില്ല. ഓർഡർ നൽകി, പണം കൈമാറിയാൽ മൂന്നു ദിവസത്തിനുള്ളിൽ ഇവ സൈറ്റിലെത്തും. 25 കി.ഗ്രാം പാക്കറ്റുകളിൽ ലഭ്യമാണ്. കിലോഗ്രാമിനു 70 മുതൽ 90 രൂപവരെ വില വരും. അസംസ്കൃതവസ്തുക്കൾ മിക്സ് ചെയ്ത് 140-160 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കി, പാത്രത്തിന്റെ സ്വഭാവം അനുസരിച്ചു മോൾഡ് ചെയ്തെടുക്കുന്നു. ശേഷം അരികു ചുരണ്ടി വൃത്തിയാക്കുന്നു. ഇതിനിടയിൽ ആവശ്യമെങ്കിൽ ഡിസൈൻ, പ്രിന്റിങ് എന്നിവയും നടത്തുന്നു. അതോടെ പ്ലേറ്റ് വിൽപനയ്ക്ക് തയാറാകും.പ്രതിദിനം 1000 പ്ലേറ്റ് ഇപ്പോൾ പ്രതിദിനം 1000 പ്ലേറ്റ് /മറ്റ് ഉൽപന്നങ്ങൾ ഉൽപാദിപ്പിക്കുന്നുണ്ട്. 150 എംടി ഹൈഡ്രോളിക് ക്രോക്കറി മേക്കിങ് മെഷീനുൾ രണ്ടു സെറ്റുണ്ട്. സ്വന്തം സ്ഥലത്താണ് സ്ഥാപനം പ്രവർത്തിക്കുന്നത്. പിഎംഇജിപി പദ്ധതിപ്രകാരം 45 ലക്ഷം രൂപ വായ്പ എടുത്താണ് സംരംഭം ആരംഭിച്ചത്. 35% സബ്സിഡിയും ലഭിച്ചു.മെഷിനറികൾക്കു മാത്രം 25 ലക്ഷം രൂപ ചെലവഴിച്ചു. നാലു വർഷം മുൻപ് രണ്ടു തൊഴിലാളികളുമായി തുടങ്ങിയ സ്ഥാപനത്തിൽ ഇപ്പോൾ അഞ്ചു ജീവനക്കാരുണ്ട്. നേരിട്ടുള്ള വിൽപയാണ് പ്രധാനമായും ഉള്ളത്. കേറ്ററിങ് സ്ഥാപനങ്ങളാണ് പ്രധാന ഉപയോക്താക്കൾ. റീട്ടെയിൽ സ്ഥാപനങ്ങൾ വഴിയും വിൽപനയുണ്ട്. 50 രൂപ മുതൽ 90 രൂപവരെയാണ് പ്ലേറ്റുകളുടെ വില. വില കുറഞ്ഞ പ്ലേറ്റുകൾക്കാണ് ആവശ്യക്കാർ ഏറെയെന്ന് വസീം പറയുന്നു. കോഴിക്കോട്-മലപ്പുറം മേഖലയിലാണ് കൂടുതൽ വിൽപന. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും വിതരണക്കാരുണ്ട്. ബൾക്കായി വാങ്ങിയാൽ മാത്രമാണ് ക്രെഡിറ്റ് നൽകുക. ഓണം സീസണിൽ കൂടുതൽ കച്ചവടം നടക്കും. മെലാമിൻ പ്ലേറ്റുകളുടെ ഉൽപാദനം വർധിപ്പിക്കുകയാണ് അടുത്ത ലക്ഷ്യം. വിതരണരംഗത്തെ മുൻപരിചയം സ്വന്തം ഉൽപന്നത്തിന് അതിവേഗം വിപണി കണ്ടെത്താൻ വസീമിനെ സഹായിച്ചു.
Travel ⏭️




