‘അയ്യപ്പഭക്തൻമാരോട് ഒരു കാര്യം പറയാനുണ്ട്, എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാൻ തന്നിട്ടുണ്ട്’

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി
ശബരിമല: ഇത് ഭഗവാൻ അനുഗ്രഹിച്ച നിയോഗമാണെന്ന് നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി പറഞ്ഞു. മേൽശാന്തിയായി തിരഞ്ഞെടുത്തശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അവസരം കിട്ടുമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെന്നും അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി വ്യക്തമാക്കി.
‘അയ്യപ്പഭക്തന്മാരോട് എനിക്ക് ഒരു വാക്ക് പറയാനുണ്ട്, ഞാൻ എപ്പോഴും സത്യസന്ധനായിരിക്കും. ഒരിക്കലും എന്റെ ഭാഗത്ത് നിന്ന് ഒരുവിധത്തിലുമുള്ള സ്വഭാവദൂഷ്യമോ അല്ലെങ്കിൽ സാമ്പത്തിക കാര്യത്തിലുള്ള താൽപര്യമോ ഉണ്ടാവില്ല. എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാൻ തന്നിട്ടുണ്ട്. ഇതൊരു വലിയ അവസരമായി ഞാൻ കാണുന്നു’- അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്നാമത്തെ നറുക്കെടുപ്പിലാണ് തിരുവനന്തപുരം സ്വദേശിയായ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ തിരഞ്ഞെടുത്തത്. അഞ്ച് വർഷമായി പഴവങ്ങാടി ക്ഷേത്രത്തിലെ മേൽശാന്തിയായി പ്രവർത്തിക്കുന്നയാളാണ് അദ്ദേഹം. ശബരിമല മേൽശാന്തിസ്ഥാനത്തേക്ക് മുൻപ് അഞ്ചുതവണ അപേക്ഷിച്ചിട്ടുള്ള അദ്ദേഹം മൂന്ന് തവണ ചുരുക്കപ്പട്ടികയിൽ എത്തിയെങ്കിലും നറുക്കെടുപ്പിൽ നിരാശയായിരുന്നു ഫലം.
പന്തളം കൊട്ടാരത്തിലെ കുട്ടികളായ ദേവനന്ദൻ അർജുനും അനശ്വര എം രഞ്ജിത്തുമാണ് നറുക്കെടുത്തത്. ശബരിമല മേൽശാന്തിയെ നറുക്കെടുത്തത് ദേവനന്ദനും മാളികപ്പുറം മേൽശാന്തിയെ നറുക്കെടുത്തത് അനശ്വരയുമാണ്. പന്തളം കൊട്ടാരത്തിലെ രാമവർമ്മ രാജയാണ് നറുക്കെടുപ്പിനായി കുട്ടികളെ ചുമതലപ്പെടുത്തിയത്. സുപ്രീംകോടതിയുടെ 2011ലെ ഉത്തരവ് പ്രകാരം റിട്ടയേർഡ് ജസ്റ്റിസ് കെടി തോമസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കുട്ടികളെ തിരഞ്ഞെടുപ്പിനായി നിയോഗിച്ചത്.
English Summary
Areekkara Subrahmanyan Sankaran Namboothiri, the newly selected Sabarimala Melsanthi, described his appointment as a blessing from Lord Ayyappa. Speaking to the media after his selection, he said he had hoped for the opportunity and assured devotees that he would remain honest and free from misconduct or financial interests.
RELATED TOPICS: SABARIMALA MELSANTHI, AREEKKARA SUBRAHMANYAN SANKARAN NAMBOOTHIRI, SABARIMALA TEMPLE, MALIKAPPURAM MELSANTHI, SABARIMALA MELSANTHI SELECTION
Read News ⏭️




