SPORTS

ഇന്ത്യക്കാരന് 25 കോടി കിട്ടിയാൽ‍ പ്രശ്നം, വിദേശ താരമാണെങ്കിൽ കുഴപ്പമില്ല: ഐപിഎല്‍ വരുമാനത്തെക്കുറിച്ച് ചെഹൽ


മുംബൈ∙ ഇന്ത്യക്കാരനായ ഒരു താരത്തിന് ഐപിഎൽ താരലേലത്തില്‍ വലിയ തുക കിട്ടിയാൽ എന്തിനാണ് ഇത്രയും രൂപ കൊടുക്കുന്നതെന്ന ചിന്തയാണ് ആളുകൾക്കെന്ന് സ്പിന്നർ യുസ്‍വേന്ദ്ര ചെഹൽ. പണത്തിനു വേണ്ടി ഒരിക്കലും കളിച്ചിട്ടില്ലെന്നും വരുമാനം കൂടിയാലും കുറഞ്ഞാലും ഒരേ പോലെയാണു കളിക്കുന്നതെന്നും മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയ്ക്കു നൽകിയ അഭിമുഖത്തിൽ ചെഹൽ പറഞ്ഞു. ഐപിഎലിൽ പഞ്ചാബ് കിങ്സിന്റെ താരമായ ചെഹൽ ഒരു സീസണിന് 18 കോടി രൂപയാണു പ്രതിഫലമായി വാങ്ങുന്നത്. ഐപിഎൽ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലമുള്ള സ്പിൻ ബോളറാണു ചെഹൽ. രാജസ്ഥാൻ റോയൽസിൽ 6.5 കോടി രൂപയ്ക്കു കളിച്ചിരുന്ന ചെഹലിന്റെ വരുമാനത്തില്‍ 177 ശതമാനത്തിന്റെ വർധനയാണ് ഇതോടെയുണ്ടായത്.2013 മുതൽ 2026 വരെ 188 ഐപിഎൽ മത്സരങ്ങൾ കളിച്ചിട്ടുള്ള ചെഹൽ 233 വിക്കറ്റുകൾ ഇതുവരെ വീഴ്ത്തിയിട്ടുണ്ട്. ഐപിഎലിൽ മാത്രം എട്ടു തവണ നാലു വിക്കറ്റ് പ്രകടനം നടത്തിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ മൂന്നു വർഷത്തിനിടെ ദേശീയ ടീമിൽ ഒരു മത്സരത്തിൽ പോലും കളിക്കാൻ താരത്തിന് അവസരം ലഭിച്ചിട്ടില്ല. 2023 ഓഗസ്റ്റിൽ വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 മത്സരത്തിലാണ് ചെഹൽ ഇന്ത്യൻ ജഴ്സിയിൽ ഒടുവിൽ കളിച്ചത്.


Auto ⏭️

Back to top button