റിയാദ് ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റ് ആക്രമണം: ഉത്തരവാദിത്തം ഏറ്റെടുത്ത് ഹൂതികൾ

സൗദി അറേബ്യയുടെ തലസ്ഥാന നഗരിയായ റിയാദിലെ അതീവ സുരക്ഷാമേഖലയായ ‘റിയാദ് ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റി’ന് നേരെ നടന്ന മിസൈൽ, ഡ്രോൺ ആക്രമണങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം യെമൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൂതി വിമതർ ഏറ്റെടുത്തു. സംഭവസ്ഥലത്തുണ്ടായിരുന്നവരുടെ വിവരങ്ങൾ പ്രകാരം, പ്രമുഖ പെട്രോളിയം കമ്പനിയായ അരാംകോയുടെ ഉടമസ്ഥതയിലുള്ള ബഹുനില മന്ദിരത്തിന് ആക്രമണത്തിൽ കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
തങ്ങൾ നാല് ഘട്ടങ്ങളിലായി ആസൂത്രിതമായ സൈനിക നീക്കങ്ങളാണ് നടത്തിയതെന്ന് ഹൂതികളുടെ സൈനിക വക്താവ് ഔദ്യോഗികമായി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. റിയാദ് ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിന് പുറമെ, റിയാദ് രാജ്യാന്തര വിമാനത്താവളം, അരാംകോയുടെ സുപ്രധാന എണ്ണ സംഭരണ ശാലകൾ, രാജ്യത്തിന്റെ കിഴക്കൻ ഭാഗത്തുള്ള പ്രമുഖ എണ്ണ സംസ്കരണ കേന്ദ്രമായ അബ്ഖൈഖ് എന്നിവ ലക്ഷ്യമാക്കി തങ്ങൾ ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളും ഡ്രോണുകളും വിന്യസിച്ചതായി ഹൂതികൾ അവകാശപ്പെടുന്നു.




