NEWS
കാലിലെ നീർക്കെട്ടിന് ചികിത്സതേടിയെത്തി; 5 വയസ്സുകാരിയുടെ കഴുത്തിൽ തെരുവുനായ കടിച്ചു, മുഖത്ത് മാന്തി

കോട്ടയം ∙ മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ ചികിത്സയ്ക്കെത്തിയ 5 വയസ്സുള്ള പെൺകുഞ്ഞിനെ തെരുവുനായ കഴുത്തിൽ കടിച്ചു. മുഖത്ത് മാന്തുകയും ചെയ്തു. ഏറ്റുമാനൂർ പട്ടിത്താനത്തുനിന്നെത്തിയ വിന്നുവിന്റെ കുഞ്ഞിനാണ് കടിയേറ്റത്. വ്യാഴാഴ്ച രാവിലെ ഒൻപതരയോടെയാണ് സംഭവം.ആശുപത്രി വളപ്പിൽ പൊടിപാറ ബിൽഡിങ്ങിനു സമീപമുള്ള ശുചിമുറിയുടെ എതിർവശത്തെ മരത്തിന്റെ ചുവട്ടിലെ തറയിൽ ഇരിക്കുകയായിരുന്നു കുഞ്ഞ്. അടുത്തുതന്നെ കൈക്കുഞ്ഞിനെയെടുത്ത് വിന്നു നിൽക്കുകയായിരുന്നു. കുട്ടിയുടെ കാലിൽ ഉണ്ടായ നീർക്കെട്ടിന് ഓർത്തോ വിഭാഗത്തിൽ ചികിത്സ തേടിയെത്തിയതായിരുന്നു വിന്നുവും കുഞ്ഞുങ്ങളും. തിരക്കു കുറഞ്ഞിട്ട് ഡോക്ടറെ കാണാം എന്നു കരുതിയാണ് അവർ പൊടിപാറ ബിൽഡിങ്ങിനു സമീപത്തേക്കു മാറിയത്. അപ്പോഴാണ് നായയുടെ കടിയേറ്റത്.
Fashion ⏭️




