NEWS

1000 കോടിയുടെ വിപിവിവി തട്ടിപ്പ്; പ്രതി ചെന്നുപെട്ടത് പരാതിക്കാരന്റെ മുന്നിൽ: കേരള കോഓർഡിനേറ്റർ ചേർത്തലയിൽ പിടിയിൽ


കൊച്ചി/ചേർത്തല/ വർക്കല∙ യുഎസ് പ്രതിരോധ വകുപ്പിനു വേണ്ടി ആയുധം നിർമിക്കുകയാണെന്ന വ്യാജകരാർ കാട്ടി 1000 കോടിയുടെ നിക്ഷേപത്തട്ടിപ്പു നടത്തിയ വിപിവിവി കമ്പനിയുടെ കേരള കോഓർഡിനേറ്റർ കൊല്ലം പാരിപ്പള്ളി സ്വദേശി പി.പ്രദീപ് കുമാർ പിടിയിൽ. വർക്കല വടശേരിക്കോണം സ്വദേശി എ.എം.മുനീറിൽനിന്ന് 70 ലക്ഷം രൂപ തട്ടിയെന്ന കേസിലാണ് അറസ്റ്റ്. ചേർത്തല റെയിൽവേ സ്റ്റേഷനു സമീപമുള്ള ഹോട്ടലിൽ ഇന്നലെ വൈകിട്ട് നാലോടെ എത്തിയ പ്രദീപിനെ മുനീർ കണ്ടതാണ് അറസ്റ്റിനു വഴിവച്ചത്. ഹോട്ടലിൽ ഉള്ളവരുടെ സഹായത്തോടെ ഇയാളെ തടഞ്ഞുവച്ചശേഷം മുനീർ പൊലീസിൽ അറിയിച്ചു. ചേർത്തല പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ വർക്കല പൊലീസ് ഏറ്റുവാങ്ങി അറസ്റ്റ് രേഖപ്പെടുത്തി. ഇന്നു കോടതിയിൽ ഹാജരാക്കും.യുഎസ് പ്രതിരോധ വകുപ്പിന്റെ വൻകിട കരാറുകൾ ലഭിച്ചിട്ടുണ്ടെന്നും ഒരു കോടി നിക്ഷേപിച്ചാൽ 5,000 കോടിയുടെ ഉപകരാറും 25% ലാഭവും നൽകാമെന്നും പറഞ്ഞാണു പ്രതികൾ മുനീറിന്റെ പണം തട്ടിയതും. വർക്കലയിലെ 350 കോടി രൂപയുടെ ‘ശിവപുരി ക്ഷേത്ര നിർമാണ പദ്ധതി’ യിൽ പങ്കാളിയാക്കാമെന്നു വിശ്വസിപ്പിച്ചും തട്ടിപ്പ് നടത്തിയതായി പരാതിക്കാരൻ മൊഴി നൽകി.


Fashion ⏭️

Back to top button