NEWS

പ്രണയാഭ്യർഥന നിരസിച്ചതിന് പത്താംക്ലാസുകാരിക്ക് നേരെ അമ്മാവന്റെ യന്ത്രവാൾ ആക്രമണം

അമരാവതി: ആന്ധ്രാപ്രദേശിലെ സ്കൂളിൽ വെച്ച് പത്താം ക്ലാസ് വിദ്യാർഥിനിയെ മാരകായുധമായ യന്ത്രവാൾ (chain saw) ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ആക്രമണം നടത്തിയത് പെൺകുട്ടിയുടെ അമ്മാവൻ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പെൺകുട്ടി ഇയാളുടെ പ്രണയാഭ്യർഥന തുടർച്ചയായി നിഷേധിച്ചതിലുള്ള പകയാണ് ക്രൂരമായ ഈ കൃത്യത്തിന് പിന്നിലെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

അനന്തപുർ ജില്ലയിലെ രപ്തഡു മണ്ഡലിലുള്ള ജില്ലാ പരിഷദ് ഹൈസ്കൂളിൽ ശനിയാഴ്ച രാവിലെയോടെയായിരുന്നു ദാരുണമായ സംഭവം അരങ്ങേറിയത്. ശ്രീ സത്യസായ് ജില്ലയിലെ ധർമവരം നഗലൂർ സ്വദേശിയായ ഹേമന്ത് എന്ന ദുമ്മു (21) ആണ് പെൺകുട്ടിയെ ആക്രമിച്ചത്. ആക്രമണത്തിന് ശേഷം സ്ഥലത്തുനിന്ന് കടന്നുകളഞ്ഞ പ്രതിക്കായി പൊലീസ് വ്യാപകമായ തെരച്ചിൽ ആരംഭിച്ചു. ഇയാളെ പിടികൂടാനായി 15 പ്രത്യേക അന്വേഷണ സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്.

പെൺകുട്ടിയെ നിരന്തരമായി ശല്യം ചെയ്യുകയും പ്രണയാഭ്യർഥനയുമായി പിന്നാലെ നടക്കുകയും ചെയ്യുന്നത് പ്രതിയുടെ പതിവായിരുന്നു. എന്നാൽ പെൺകുട്ടി ഇതിനെ കർശനമായി എതിർത്തതോടെയാണ് ഇയാൾ പകയോടെ സ്കൂളിലെത്തി ക്ലാസ്മുറിയിൽ കയറി അക്രമം അഴിച്ചുവിട്ടത്. പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സഹപാഠിയായ മറ്റൊരു വിദ്യാർഥിനിക്കും പരിക്കേറ്റു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പത്താം ക്ലാസ് വിദ്യാർഥിനിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Fashion ⏭️

Back to top button