NEWS

ഗാന്ധിജിയെ അപമാനിച്ച സംഭവം: സംവിധായകന്റെ മുഖത്ത് മഷിയൊഴിച്ചു പ്രതിഷേധം

ബെംഗളൂരുവിൽ ഗാന്ധിജിയുടെ ഘാതകരെ മഹത്വവൽക്കരിക്കുന്നുവെന്ന് ആരോപിക്കപ്പെട്ട നാടകാവതരണത്തിനിടെ സംഘർഷം. മൈസൂരു സ്വദേശിയായ വിവാദ നാടക സംവിധായകൻ അഡന്ത സി.കരിയപ്പയുടെ മുഖത്ത് ഒരു സംഘം പ്രതിഷേധക്കാർ മഷിയൊഴിച്ചു. ബെംഗളൂരു ബനാശങ്കരിയിലെ സുചിത്ര ഫിലിം അക്കാദമിയിൽ ശനിയാഴ്ച വൈകുന്നേരം ‘ഗാന്ധി ഹത്യേയ സത്യ’ (ഗാന്ധിവധത്തിനു പിന്നിലെ സത്യം) എന്ന നാടകം അരങ്ങേറുന്നതിനിടെയായിരുന്നു നാടകീയ സംഭവങ്ങൾ.

മഹാത്മാഗാന്ധിയെ അപമാനിക്കുന്ന തരത്തിലാണ് നാടകത്തിന്റെ ഉള്ളടക്കമെന്ന് ആരോപിച്ചാണ് പ്രതിഷേധക്കാർ വേദിയിലേക്ക് ഇരച്ചുകയറിയത്. ഗാന്ധിജിയെക്കുറിച്ചുള്ള വികലമായ ചരിത്രമാണ് കരിയപ്പ അവതരിപ്പിക്കുന്നതെന്നും, അദ്ദേഹത്തെ രാജ്യദ്രോഹിയായും മുസ്ലീം വിഭാഗത്തിന്റെ അടിമയായും ചിത്രീകരിക്കാൻ സംവിധായകൻ ശ്രമിക്കുന്നുവെന്നും പ്രതിഷേധക്കാർ ആരോപിച്ചു. നാടകം നടക്കുമ്പോൾ കാണികളിലൊരാൾ ഇതിനെ ചോദ്യം ചെയ്യാൻ ശ്രമിച്ചപ്പോൾ കരിയപ്പ അസഭ്യവർഷം നടത്തിയെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ കോൺഗ്രസ് നേതൃത്വം കരിയപ്പയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

ബിജെപി സർക്കാരിന്റെ കാലത്ത് രംഗായന നാടകവേദിയുടെ തലവനായി പ്രവർത്തിച്ചിട്ടുള്ള അഡന്ത സി.കരിയപ്പ സമാനമായ പല വിവാദങ്ങളിലും നേരത്തെയും ഉൾപ്പെട്ടിട്ടുള്ള വ്യക്തിയാണ്.

Fashion ⏭️

Back to top button