NEWS

മസ്തിഷ്ക-സുഷുമ്നാ നാഡീ ബാധ: ഫിറ്റ്നസ് ഇൻഫ്ലുവൻസർ തീവ്രപരിചരണ വിഭാഗത്തിൽ

അവധി ആഘോഷിക്കാനായി ബാലിയിലെത്തിയ ഇരുപത്തിമൂന്നുകാരിയും ഓസ്‌ട്രേലിയൻ ഇൻഫ്ലുവൻസറുമായ ഖിയാന സ്മിത്ത്, മസ്തിഷ്കത്തെ ബാധിച്ച മാരകമായ അണുബാധയെത്തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കഴിഞ്ഞ ഒരാഴ്ചയിലധികമായി ആശുപത്രിയിൽ കഴിയുന്ന താരത്തിന് ബാക്ടീരിയൽ മെനിഞ്ചൈറ്റിസ് കൂടാതെ ന്യുമോണിയയും സ്ഥിരീകരിച്ചിട്ടുണ്ട്.

ഫിറ്റ്‌നസ് മേഖലയിലും ഓൺലൈൻ പരിശീലന രംഗത്തും ഏറെ ശ്രദ്ധേയയായ ഖിയാന, ആരോഗ്യകരമായ ശീലങ്ങളും വ്യായാമ മുറകളും പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങൾ നിർമ്മിക്കുന്നതിൽ സജീവമാണ്. സമൂഹമാധ്യമങ്ങളിലൂടെ ആരോഗ്യപരമായ അറിവുകൾ തൻ്റെ അനുയായികൾക്കായി അവർ പതിവായി പങ്കുവെക്കാറുണ്ട്. ഐസിയുവിലെ ഈ നാളുകൾ ജീവിതത്തിൻ്റെ വിലയെക്കുറിച്ച് തന്നെ ബോധ്യപ്പെടുത്തിയെന്നും, ആരോഗ്യത്തെ ഒരു കാരണവശാലും അവഗണിക്കരുതെന്നും ഖിയാന സമൂഹമാധ്യമം വഴി ഓർമ്മിപ്പിച്ചു.

ഖിയാനയുടെ നിലവിലെ ആരോഗ്യസ്ഥിതി വളരെ സങ്കീർണ്ണമായി തുടരുകയാണ്. അണുബാധയ്‌ക്കൊപ്പം ന്യുമോണിയയും ശ്വാസകോശത്തിൽ ദ്രാവകം അടിഞ്ഞുകൂടിയതും സ്ഥിതി കൂടുതൽ വഷളാക്കിയിട്ടുണ്ട്. ഒപ്പം, ഗുരുതരമായ ഓർമ്മക്കുറവും അവർ അനുഭവിക്കുന്നുണ്ട്. സമീപകാലത്ത് നടന്ന സംഭവങ്ങൾ പോലും ഓർത്തെടുക്കാൻ സാധിക്കാത്ത അവസ്ഥയിലാണെന്നും, രോഗം അവരുടെ ഓർമ്മശക്തിയെ സാരമായി ബാധിച്ചിട്ടുണ്ടെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Fashion ⏭️

Back to top button