NEWS
യുക്രെയ്നിൽ സാധാരണക്കാരെ പിന്തുടർന്നാക്രമിച്ച് റഷ്യയുടെ ‘സഫാരി ഡ്രോൺ’; യുദ്ധക്കുറ്റമെന്ന് യുക്രെയ്ൻ –വിഡിയോ

കീവ്∙ യുക്രെയ്നിൽ സാധാരണക്കാരെ പിന്തുടർന്ന് ആക്രമിച്ച് റഷ്യൻ ഡ്രോണുകൾ. യുക്രെയ്ൻ നഗരമായ ഖേർസണിൽ തെരുവുകച്ചവടക്കാരനെ റഷ്യൻ ഡ്രോണുകൾ പിന്തുടർന്ന് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ യുക്രെയ്ൻ വിദേശകാര്യമന്ത്രി ആന്ദ്രി സൈബിഹ പുറത്തുവിട്ടു. ഗുരുതരമായ യുദ്ധക്കുറ്റമാണ് റഷ്യ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.തെരുവിൽ ഒരു പുരുഷനെ റഷ്യൻ ഡ്രോൺ പിന്തുടരുന്നതും അദ്ദേഹം ഒരു വാനിനു ചുറ്റും ഓടുന്നതും പിന്നീട് സ്ഫോടനമുണ്ടാകുന്നതിന്റെയും ദൃശ്യങ്ങളാണ് യുക്രെയ്ൻ പൊലീസ് പുറത്തുവിട്ടത്. ഇതു പിന്നീട് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ഉൾപ്പെടെയുള്ളവർ പങ്കുവയ്ക്കുകയും ചെയ്തു. യൂറി എന്നയാളാണ് ആക്രമണത്തിനിരയായതെന്ന് പിന്നീട് യുക്രെയ്ൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ഉന്തുവണ്ടിയിൽ പച്ചക്കറി വിൽക്കുന്നയാളായിരുന്നു യൂറി. വണ്ടിക്കു സമീപംനിന്നു വെളുത്തുള്ളി പൊളിക്കുന്നതിനിടെയാണ് ഡ്രോൺ ആക്രമിക്കാനെത്തിയതെന്ന് യൂറി യുക്രെയ്ൻ മാധ്യമങ്ങളോടു പറഞ്ഞു. ഓടിയൊളിക്കാൻ ശ്രമിച്ചെങ്കിലും ഡ്രോൺ പിന്തുടർന്നെത്തി. കൈവീശി താൻ സാധാരണക്കാരനാണെന്ന് അറിയിക്കാൻ ശ്രമിച്ചെങ്കിലും തനിക്ക് തൊട്ടടുത്തുവച്ച് ഡ്രോൺ പൊട്ടിത്തെറിച്ചെന്ന് യൂറി പറഞ്ഞു. ഇതിൽനിന്നുള്ള ചീളുകൾ തെറിച്ച് യൂറിക്ക് പരുക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ചയാണ് ആക്രമണമുണ്ടായതെന്നാണ് യുക്രെയ്ൻ അധികൃതർ പറയുന്നത്.
Fashion ⏭️


