NEWS

അപ്രതീക്ഷിത മഴയിൽ മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും; സംസ്ഥാനത്ത് 6 മരണം, 4 പേരെ കാണാതായി


കോട്ടയം ∙   കടുത്ത ചൂടിനിടെ അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിലും ഉരുൾപൊട്ടലിലും സംസ്ഥാനത്ത് 6 മരണം. 4 പേരെ കാണാതായി. കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് അപകടമുണ്ടായത്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.മൂന്നാർ വട്ടവടയിൽ ഇന്നലെ ഉച്ചകഴിഞ്ഞു പെയ്ത കനത്ത മഴയിലുണ്ടായ മണ്ണിടിച്ചിലിൽ, കൃഷിയിടത്തിലെ ഷെഡിൽ ഇരുന്ന 2 പേർ മണ്ണിന‌ടിയിൽപെട്ടു മരിച്ചു. ഒരാൾക്കു ഗുരുതര പരുക്കേറ്റു. വട്ടവട കൊട്ടാക്കമ്പൂർ വില്ലേജിൽ അമ്മൻകോവിലിനു സമീപം താമസിച്ചിരുന്ന ബാലകൃഷ്ണൻ പെരുമാൾ (51), അയൽവാസി സി. ചിന്നമ്മാൾ (ചിന്നു–38) എന്നിവരാണു മരിച്ചത്. ബാലകൃഷ്ണന്റെ ഭാര്യ മാരിയമ്മ (45) ഗുരുതരമായി പരുക്കേറ്റ് മൂന്നാർ ടാറ്റാ ടീ ആശുപത്രിയിൽ ചികിത്സയിലാണ്.ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണു ദുരന്തം. അവധി ദിവസമായതിനാൽ ഒട്ടേറെ വിനോദസഞ്ചാരികൾ പുഴയിൽ കുളിക്കാനെത്തിയിരുന്നു. മഴയുടെ ലക്ഷണമൊന്നുമില്ലായിരുന്നു. ഉൾവനത്തിൽ കനത്ത മഴ പെയ്തതിനെത്തുടർന്നു നിമിഷനേരം കൊണ്ടാണു മലവെള്ളപ്പാച്ചിലുണ്ടായത്. നാട്ടുകാർ അപായ മുന്നറിയിപ്പു നൽകി ഒട്ടേറെപ്പേരെ കരയ്ക്കു കയറ്റിയതിനാൽ വൻ ദുരന്തം ഒഴിവായി. വെള്ളം കുതിച്ചെത്തിയതോടെ കരയ്ക്കു കയറാൻ കഴിയാതിരുന്ന നാൽപതോളം പേർ പലയിടങ്ങളിൽ പാറപ്പുറത്തു കുടുങ്ങി. കയറും വടവും എറിഞ്ഞു കൊടുത്താണ് ഇവരെ രക്ഷപ്പെടുത്തിയത്. സംഭവസ്ഥലത്തുനിന്ന്് 5 കിലോമീറ്റർ അകലെ പൊട്ടിക്കല്ല് തടയണയ്ക്കു താഴെ ഭാഗത്തുനിന്നാണ് 60 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. 


Fashion ⏭️

Back to top button