NEWS
‘മുഖ്യമന്ത്രി ഉദ്ദേശിച്ചത് അങ്ങനെയല്ല’: ടാറ്റയുടെ കപ്പല്‍ നിര്‍മാണശാല പ്രഖ്യാപനത്തില്‍ സര്‍ക്കാര്‍

തിരുവനന്തപുരം∙ കേരളത്തില്‍ 10,000 കോടി രൂപ മുതല്‍ മുടക്കില്‍ ടാറ്റ ഗ്രൂപ്പ് കപ്പല്‍ നിര്‍മാണശാല ആരംഭിക്കുന്നുവെന്ന മുഖ്യമന്ത്രി വി.ഡി.സതീശന്റെ പ്രഖ്യാപനം ടാറ്റ ഗ്രൂപ്പ് തള്ളിയെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ വിശദീകരണവുമായി സര്‍ക്കാര്‍. വിവിധ പദ്ധതികളിലൂടെയും വിവിധ നിക്ഷേപകരിലൂടെയും വരും വര്‍ഷങ്ങളില്‍ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്ന ആകെ നിക്ഷേപത്തിന്റെ വ്യാപ്തിയെയാണ് 10,000 കോടിയോളം രൂപയുടെ നിക്ഷേപ സാധ്യതയെന്ന പരാമര്‍ശത്തിലൂടെ മുഖ്യമന്ത്രി സൂചിപ്പിച്ചതെന്ന് പിആര്‍ഡി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഏതെങ്കിലും ഒരു സ്ഥാപനവുമായി ഇത്രയും തുകയുടെ ഏക നിക്ഷേപ കരാര്‍ അന്തിമമായി ഉറപ്പിച്ചുവെന്നല്ല മുഖ്യമന്ത്രി ഉദ്ദേശിച്ചതെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായാണ് മലബാര്‍ സിമന്റ്സ് ലിമിറ്റഡും, ടാറ്റാ പ്രോജക്ട്സ് ഗ്രൂപ്പിന്റെ ഭാഗമായ ആര്‍ട്സണ്‍ എന്‍ജിനീയറിങ് ലിമിറ്റഡും ചേര്‍ന്ന് കൊച്ചിന് പോര്‍ട്ടില്‍ കപ്പല്‍ നിര്‍മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള സംയുക്ത സംരംഭത്തിന് സര്‍ക്കാര്‍ സൗകര്യമൊരുക്കിയത്. പദ്ധതിക്ക് ആവശ്യമായ പ്രധാന അനുമതികളെല്ലാം ലഭിച്ചു കഴിഞ്ഞു. കൊച്ചിന് പോര്‍ട്ട് അതോറിറ്റി ആവശ്യമായ ഭൂമി ലഭ്യമാക്കുകയും പ്രാഥമിക വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തില്‍ ആധുനികമായ ഷിപ്പ് ബില്‍ഡിങ് എക്കോസിസ്റ്റം രൂപീകരിക്കുന്നതിനുള്ള സുപ്രധാനമായ ചുവടുവയ്പ്പായാണ് ഈ പദ്ധതിയെ കാണുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. അതേസമയം, കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 2025ല്‍ നടന്ന ഇന്‍വസ്റ്റ് കേരളാ ഗ്ലോബല്‍ സമ്മിറ്റില്‍ മലബാര്‍ സിമന്റ്സ് ലിമിറ്റഡും ആര്‍ട്സണ്‍ എന്‍ജിനീയറിങ് ലിമിറ്റഡും ചേര്‍ന്ന് 500 കോടി മുതല്‍മുടക്കില്‍, 100 ടണ്ണില്‍ താഴെയുള്ള ബോട്ട് നിര്‍മാണ കേന്ദ്രം സ്ഥാപിക്കാനുള്ള ധാരണാപത്രത്തിലാണ് ഒപ്പിട്ടിരുന്നത്.
Fashion ⏭️


