NEWS

വഴയില– പഴകുറ്റി നാലുവരിപ്പാത: വലിയ വാഹനങ്ങൾക്കുള്ള നിയന്ത്രണം ഭാഗികമായി പിൻവലിച്ചു


നെടുമങ്ങാട് ∙ വഴയില– പഴകുറ്റി നാലുവരിപ്പാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് റോഡിൽ വലിയ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം ഭാഗികമായി പിൻവലിച്ചു. 15 മുതൽ വഴയിലയിൽ നിന്ന് നെടുമങ്ങാട്ടേക്കു വരുന്ന കെഎസ്ആർടിസി ഓർഡിനറി, സിറ്റി ഫാസ്റ്റ്, ജൻറം ബസുകൾ വഴയില, കരകുളം പാലം, കാച്ചാണി, എട്ടാംകല്ല് വഴി സർവീസ് ആരംഭിച്ചു. ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകൾക്ക് രാത്രി 8 മുതൽ രാവിലെ 6 വരെ ഇൗ വഴി സഞ്ചരിക്കാമെങ്കിലും പകൽ കല്ലയം, ശീമമുളമുക്ക്, വേങ്കോട് വഴി മുൻപ് പോയത് പോലെ സർവീസ് നടത്തണം. നിയന്ത്രണവുമായി ബന്ധപ്പെട്ട് പേരൂർക്കടയിൽ നിന്ന് നെടുമങ്ങാട്ടേക്കുള്ള ബസുകളെ വഴയിലയിൽ നിന്ന് മുൻപ് വഴി തിരിച്ച് വിട്ടതോടെ ഏണിക്കര, കരകുളം, കെൽട്രോൺ ജംക്‌ഷൻ, അഴിക്കോട്, മരുതിനകം, പത്താംകല്ല് തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് നെടുമങ്ങാട്ടേക്ക് പോകാൻ യാത്രാക്ലേശം രൂക്ഷമായിരുന്നു. തുടർന്ന് യാത്രക്കാർ ശക്തമായ പ്രതിഷേധത്തിലായിരുന്നു. റോഡിന് കുറുകെ ശുദ്ധജല പൈപ്പ്‌ ലൈനുകൾ കടന്നുപോകുന്ന 3 സ്ഥലങ്ങളിൽ പൈലിങ് ജോലികൾ നടത്തി കോൺക്രീറ്റ് കവചം ഒരുക്കുന്നതിനായി ആണ് 4 മാസം മുൻപ് വലിയ വാഹനങ്ങൾക്ക് വഴയില മുതൽ കരകുളം പാലം വരെ നിയന്ത്രണം ഏർപ്പെടുത്തിയത്.


Fashion ⏭️

Back to top button