NEWS

ടിക്കറ്റില്ലാതെ ട്രെയിൻ യാത്ര, സ്വന്തം വസ്ത്രം വലിച്ചുകീറി ടിടിഇയെ കുടുക്കാൻ ശ്രമം; തുണച്ചത് സഹയാത്രികന്റെ വിഡിയോ


ലക്നൗ ∙ ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്ത യുവതി, റെയിൽവേ ടിക്കറ്റ് പരിശോധകനെ (ടിടിഇ) വ്യാജ കേസിൽ കുടുക്കാൻ സ്വന്തം വസ്ത്രം കീറി നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു. എന്നാൽ, എതിർ സീറ്റിലിരുന്ന സഹയാത്രികൻ മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ പുറത്തുവന്നതോടെ യുവതിയുടെ കള്ളത്തരം വെളിച്ചത്തായി. സെപ്റ്റംബർ 17ന് ധനാപൂരിൽ നിന്നും സെക്കന്തരാബാദിലേക്ക് പോയ ധനാപുർ-സെക്കന്തരാബാദ് എക്സ്പ്രസിലാണ് സംഭവം. ധനാപുരിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഒരു പെൺകുട്ടിക്കൊപ്പമാണ് രാധിക തിവാരി എന്ന യുവതി യാത്ര ചെയ്തത്. ധനാപുർ സ്റ്റേഷൻ വിട്ടതിനു പിന്നാലെ ടിടിഇ സെക്കൻഡ് എസി കോച്ചിൽ പരിശോധനയ്ക്ക് എത്തി. യുവതിയുടെ പക്കൽ ടിക്കറ്റില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് കോച്ചിൽ നിന്ന് ഇറങ്ങാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. എന്നാൽ ഇവർ തൊട്ടടുത്ത തേർഡ് എസി കോച്ചിലേക്ക് മാറി ഇരുന്നു. പിന്നീട് ടിക്കറ്റ് പരിശോധകർ തേർഡ് എസി കോച്ചിലെത്തി ടിക്കറ്റ് ചോദിച്ചതോടെ യുവതി തർക്കിക്കുകയായിരുന്നു. തുടർന്ന് റെയിൽവേ ജീവനക്കാരനായ തന്റെ സഹോദരനെ വിളിക്കുകയാണെന്ന് പറഞ്ഞ യുവതി, റെയിൽവേ പൊലീസ് ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ച് ടിടിഇയെ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതിനുശേഷമാണ് അസഭ്യവർഷം നടത്തി ഇവർ സ്വന്തം വസ്ത്രം കീറിയത്.(Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @INDemocracyyy എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്)


Fashion ⏭️

Back to top button