ആവശ്യമുള്ള പണം എടുത്ത് കൈയിൽ വച്ചോളൂ ; അഞ്ച് ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും, ബാങ്കിംഗ് സേവനങ്ങൾ തടസപ്പെടും

പ്രതീകാത്മക ചിത്രം
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബാങ്കിംഗ് മേഖലയിലെ ഏഴു പ്രമുഖ സംഘടനകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് രാജ്യവ്യാപകമായി ത്രിദിന പണിമുടക്കിന് ഒരുങ്ങുകയാണ്. ഈ മാസം 28,29, 30 തീയതികളിലാണ് പണിമുടക്ക്. അർദ്ധ വാർഷികത്തിലെ അവസാന ദിനങ്ങളിൽ സമരം നടത്താനുള്ള യൂണിയന്റെ തീരുമാനത്തിന്റെ ഭാഗമാണിത്. 26 നാലാം ശനിയും 27 ഞായറും ആയതിനാൽ ഫലത്തിൽ അഞ്ചുദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും.
ബാങ്ക് പ്രവൃത്തി ദിനങ്ങൾ ആഴ്ചയിൽ അഞ്ചാക്കി കുറയ്ക്കുക ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. നിലവിൽ രണ്ട്, നാല് ശനിയാഴ്ചകളിൽ ബാങ്ക് അവധിയാണ്. ഇതിന് പുറമേ മറ്റ് രണ്ട് ശനിയാഴ്ചകളും അവധിയാക്കണമെന്നാണ് ആവശ്യം. ഇക്കാര്യത്തിൽ നേരത്തെ നടന്ന ചർച്ചകളിൽ ധാരണ ആയിരുന്നെങ്കിലും സർക്കാർ നടപ്പാക്കിയിട്ടില്ല.
സമരത്തിന്റെ പശ്ചാത്തലത്തിൽ ഈ മാസം അവസാനവാരത്തിൽ ബാങ്കുകൾ വഴി ലഭിക്കേണ്ട സേവനങ്ങൾ മുടങ്ങും. എ,.ടി.എം സേവനങ്ങൾ ലഭിക്കുമെന്നാണ് എസ്.ബി.ഐയുടെ അറിയിപ്പെങ്കിലും അഞ്ചു ദിവസം നീളുന്ന സമരമായതിനാൽ എ.ടി.എം പ്രവർത്തന രഹിതമായേക്കാം. കസ്റ്റർ സർവീസ് പോയന്റ്സ് സേവനങ്ങൾ ലഭിക്കുമെന്നും എസ്.ബി.ഐ അറിയിച്ചു. ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ ലഭ്യമായിരിക്കും. ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ്, യോനോ, യു.പി.ഐ സേവനങ്ങൾ സജീവമായിരിക്കും. അതേസമയം ബാങ്കിൽ നേരിട്ടെത്തി ചെയ്യേണ്ട സേവനങ്ങൾ മുടങ്ങും.
മൂന്നുദിവസത്തെ സമരത്തിലും സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ ഒക്ടോബർ 26 മുതൽ അനിശ്ചിതകാല സമരം നടത്തുമെന്നാണ് ജീവനക്കാരുടെ മുന്നറിയിപ്പ്. അതുകൊണ്ടു തന്നെ കേന്ദ്രസർക്കാരുമായി ചർച്ചകൾ നടക്കാനും സമരം പിൻവലിക്കാനുമുള്ള സാദ്ധ്യതയുണ്ട്. അഞ്ച് ദിവസം ബാങ്ക് അടഞ്ഞു കിടക്കുന്നതിനാൽ ഉപഭോക്താക്കള്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണം എന്ന് എസ്ബിഐ അറിയിച്ചു.
News ⏭️




