ടാറ്റാ ഗ്രൂപ്പിലെ തർക്കം: നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കുമെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി, മറുപടിയുമായി നിർമല സീതാരാമൻ

ന്യൂഡൽഹി ∙ ടാറ്റ ഗ്രൂപ്പിലെ ആഭ്യന്തര തർക്കങ്ങളെ ചൊല്ലി രാഹുൽ ഗാന്ധിയും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും തമ്മിൽ കടുത്ത വാക്പോര്. ടാറ്റയെ ക്രിമിനൽ ഗൂഢാലോചനയിലൂടെ തകർക്കാൻ ശ്രമിക്കുകയാണെന്നും, ഇതിനെതിരെ പ്രതികരിക്കാൻ വ്യവസായികൾ പോലും ഭയപ്പെടുന്നുവെന്നും ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തി.
‘‘ഇനിയും എത്രനാൾ നിങ്ങൾ മൗനം പാലിക്കും? അവർ നിങ്ങളെ പൂർണമായി തകർക്കുന്നതുവരെ കാത്തിരിക്കുകയാണോ? ഇന്ത്യൻ വ്യവസായലോകം മോദിയുടെയും അമിത് ഷായുടെയും കളിപ്പാവയല്ല. നിങ്ങൾക്കു ഭയമായിരിക്കാം, പക്ഷേ ഞങ്ങൾക്ക് നിർഭയത്വമുണ്ട്. ഈ അനീതിക്കെതിരെ ഞങ്ങൾ ശബ്ദമുയർത്തുക തന്നെ ചെയ്യും’’– രാഹുൽ വിമർശിച്ചു.
എന്നാൽ, വ്യവസായ മേഖലയിൽ അവിശ്വാസത്തിന്റെയും വിദ്വേഷത്തിന്റെയും വിത്തുകൾ പാകാനാണ് രാഹുൽ ശ്രമിക്കുന്നതെന്ന് ധനമന്ത്രി നിർമല സീതാരാമൻ തിരിച്ചടിച്ചു. രാജ്യത്തെ സംരംഭകരുടെയും ബിസിനസ് മേഖലയുടെയും നേട്ടങ്ങളെ സ്ഥിരമായി അപമാനിക്കുന്ന ശൈലിയാണ് രാഹുലിന്റേതെന്നും, വാണിജ്യപരവും നിയമപരവുമായ കാര്യങ്ങളെ അടിസ്ഥാനരഹിതമായി ക്രിമിനൽവൽക്കരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അവർ വ്യക്തമാക്കി.
തന്റെ നിലപാടിൽ ഉറച്ചുനിന്ന രാഹുൽ, നിയമപരവും വാണിജ്യപരവുമായ എന്ത് ആവശ്യത്തിനാണ് ടാറ്റ ട്രസ്റ്റ്, ടാറ്റ സൺസ് പ്രതിനിധികളെ അമിത് ഷായുടെ വസതിയിൽ വിളിച്ചുവരുത്തിയത് എന്ന് ചോദിച്ചു. ടാറ്റ സൺസ് ചെയർമാനായി എൻ. ചന്ദ്രശേഖരനെ വീണ്ടും തിരഞ്ഞെടുത്ത ബോർഡ് തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് ടാറ്റ ട്രസ്റ്റ് ചെയർമാൻ നോയൽ ടാറ്റ രംഗത്തെത്തിയ സാഹചര്യത്തിലാണ് രാഹുലിന്റെ പ്രതികരണം. ടാറ്റ ഗ്രൂപ്പിലെ ഈ ഭിന്നതകൾക്കിടയിൽ, കഴിഞ്ഞ വർഷം ടാറ്റയുടെ ഉന്നത നേതൃത്വം ഡൽഹിയിൽ അമിത് ഷായുടെ വസതിയിലെത്തി ചർച്ചകൾ നടത്തിയിരുന്നു. ഈ യോഗത്തിൽ ധനമന്ത്രി നിർമല സീതാരാമനും പങ്കെടുത്തതായാണ് റിപ്പോർട്ടുകൾ.




