ടാറ്റാ വിവാദം: മോദിയും ഷായും ബിസിനസിനെ നിയന്ത്രിക്കുന്നു; രാഹുലും നിർമലയും തമ്മിൽ വാക്പോര് മുറുകുന്നു

ന്യൂഡൽഹി ∙ ടാറ്റ ഗ്രൂപ്പിലെ നേതൃത്വവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ രാഹുൽ ഗാന്ധിയും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും തമ്മിൽ രൂക്ഷമായ വാക്പോര്. ടാറ്റാ ഗ്രൂപ്പിനെ ക്രിമിനൽ ഗൂഢാലോചനയിലൂടെ തകർക്കാൻ ശ്രമിക്കുകയാണെന്നും, ഇതിനെതിരെ പ്രതികരിക്കാൻ പോലും ഒരു വ്യവസായിയും തയ്യാറാകുന്നില്ലെന്നും രാഹുൽ ഗാന്ധി സമൂഹമാധ്യമത്തിലൂടെ ആരോപിച്ചു.
‘‘ഇനിയും എത്രനാൾ നിങ്ങൾ മൗനം പാലിക്കും? അവർ നിങ്ങളെ പൂർണ്ണമായും നശിപ്പിക്കുന്നത് വരെ കാത്തിരിക്കുകയാണോ? ഇന്ത്യൻ ബിസിനസ് മേഖല നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും കളിപ്പാവയല്ല. ഭയം കാരണം നിങ്ങൾക്ക് സംസാരിക്കാൻ കഴിഞ്ഞെന്നു വരില്ല, എന്നാൽ ഞങ്ങൾക്ക് അതിനുള്ള ആർജ്ജവമുണ്ട്. ഈ വലിയ വഞ്ചനയ്ക്കെതിരെ ഞങ്ങൾ നിയമനടപടികൾ സ്വീകരിക്കുക തന്നെ ചെയ്യും’’– രാഹുൽ വ്യക്തമാക്കി.
എന്നാൽ, വ്യവസായ മേഖലയിൽ അവിശ്വാസത്തിന്റെ വിത്തുകൾ പാകാനാണ് രാഹുൽ ശ്രമിക്കുന്നതെന്ന് ധനമന്ത്രി നിർമല സീതാരാമൻ തിരിച്ചടിച്ചു. ഇന്ത്യൻ വ്യവസായ പ്രമുഖരെയും സംരംഭകരെയും നിരന്തരം അപമാനിക്കുന്ന ശൈലിയാണ് രാഹുലിന്റേതെന്ന് അവർ കുറ്റപ്പെടുത്തി. നിയമപരമായോ വാണിജ്യപരമായോ നടക്കുന്ന കാര്യങ്ങളെ അടിസ്ഥാനരഹിതമായി ക്രിമിനൽ വൽക്കരിക്കുന്നത് ഒട്ടും ശരിയല്ലെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
ഇതിനെതിരെ വീണ്ടും രംഗത്തെത്തിയ രാഹുൽ, ടാറ്റാ ട്രസ്റ്റ്, ടാറ്റ സൺസ് പ്രതിനിധികളെ അമിത് ഷായുടെ വസതിയിൽ വിളിച്ചുവരുത്തിയത് എന്ത് ‘നിയമപരമായ’ ആവശ്യത്തിനാണെന്ന് വ്യക്തമാക്കാൻ ആവശ്യപ്പെട്ടു. ടാറ്റാ സൺസ് ചെയർമാനായി എൻ. ചന്ദ്രശേഖരനെ വീണ്ടും തിരഞ്ഞെടുത്ത ബോർഡ് തീരുമാനത്തിൽ ടാറ്റാ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റ അതൃപ്തി പ്രകടിപ്പിച്ചതാണ് ഈ തർക്കങ്ങൾക്ക് തുടക്കമിട്ടത്. ടാറ്റാ ഗ്രൂപ്പിലെ ഈ ആഭ്യന്തര കലഹങ്ങൾക്കിടെ കഴിഞ്ഞ വർഷം കമ്പനിയിലെ ഉന്നതർ അമിത് ഷായുടെ ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ധനമന്ത്രി നിർമല സീതാരാമനും ആ യോഗത്തിൽ പങ്കെടുത്തത് നേരത്തെ തന്നെ ചർച്ചയായിരുന്നു.



