ശശികുമാറും ലിജോയും ഫ്രീഡം നേടി

നിരവധി തവണ റിലീസ് തീയതി നീട്ടിവെച്ച ‘ഫ്രീഡം’ ഒടുവിൽ പ്രേക്ഷകരിലേക്ക് എത്തുന്നു. ഡിസംബർ 26-ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം. സത്യശിവ സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിൽ ശശികുമാറും ലിജോ മോൾ ജോസുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീലങ്കൻ അഭയാർത്ഥികളുടെ ജീവിതമാണ് സിനിമയുടെ പ്രമേയം. രാജീവ് ഗാന്ധി വധത്തെത്തുടർന്ന് തടങ്കലിലാക്കപ്പെട്ട തമിഴ് വംശജരുടെ അതിജീവനത്തിന്റെയും അവർ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ജയിൽ ചാട്ടത്തിന്റെയും കഥയാണ് ചിത്രം വെള്ളിത്തിരയിൽ എത്തിക്കുന്നത്.
കഴിഞ്ഞ വർഷം ജൂലൈ 10-ന് ചിത്രം പുറത്തിറക്കാൻ എല്ലാ നടപടികളും പൂർത്തിയാക്കിയിരുന്നുവെങ്കിലും, ചില സാങ്കേതിക തടസ്സങ്ങൾ കാരണം റിലീസ് മാറ്റിവെക്കുകയായിരുന്നു. കെ.ജി.എഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ മാളവിക അവിനാഷ്, ബോസ് വെങ്കട്ട്, രമേഷ് ഖന്ന, മുരുകദോസ്, മണികണ്ഠൻ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു സുപ്രധാന വേഷങ്ങളിൽ എത്തുന്നത്. ജിബ്രാൻ സംഗീതം ഒരുക്കുന്ന ചിത്രത്തിന് എൻ.എസ്. ഉദയകുമാറാണ് ക്യാമറ ചലിപ്പിക്കുന്നത്. ശ്രീകാന്ത് എൻ.ബിയാണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. വിജയ ഗണപതി പിക്ചേഴ്സിന്റെ ബാനറിൽ പാണ്ഡ്യൻ പരശുരാമനാണ് ചിത്രം നിർമ്മിക്കുന്നത്.




