NEWS
കാരോട്–കന്യാകുമാരി നാലുവരിപ്പാത നിർമ്മാണം അന്തിമഘട്ടത്തിൽ; ഈ വർഷാവസാനത്തോടെ യാത്രാസൗകര്യമൊരുങ്ങും

നാഗർകോവിൽ: കാരോട് മുതൽ കന്യാകുമാരി വരെയുള്ള നിർമ്മാണത്തിലിരിക്കുന്ന നാലുവരിപ്പാത ഈ വർഷം അവസാനത്തോടെ വാഹന ഗതാഗതത്തിനായി തുറന്നുകൊടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. 54 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്.
വില്ലുക്കുറിക്കു സമീപമുള്ള തോട്ടിയോട് 600 മീറ്റർ മേൽപാലം, നാഗർകോവിൽ വടശേരിക്ക് അടുത്ത് പുത്തേരി കുളത്തിന് കുറുകെയുള്ള 500 മീറ്റർ നീളമുള്ള മേൽപാലം എന്നിവയുടെ നിർമ്മാണമാണ് ഇപ്പോൾ പ്രധാനമായും നടന്നു വരുന്നത്. ഇതിൽ തിരുവനന്തപുരം ഭാഗത്തുനിന്നുള്ള തോട്ടിയോട് പാലത്തിന്റെ പണികൾ പൂർത്തിയായിട്ടുണ്ട്. നാഗർകോവിൽ ഭാഗത്തുനിന്നുള്ള നിർമ്മാണ ജോലികൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. പുത്തേരി കുളത്തിന് മുകളിലുള്ള മേൽപാലത്തിന്റെ നിർമ്മാണം 70 ശതമാനത്തോളം പൂർത്തിയായതായി അധികൃതർ വ്യക്തമാക്കി.




