ചേരാനല്ലൂർ അപകടം: ആഡംബര ബൈക്കുമായി ജഡ്ജിയുടെ ഫ്ലാറ്റിൽ ‘പയ്യൻ’; ഒടുവിൽ പൊലീസിന്റെ മിന്നൽ പരിശോധന, വാഹനം കസ്റ്റഡിയിൽ

കൊച്ചി∙ അഡീഷണൽ ജഡ്ജിയുടെ മകനായ പതിനേഴുകാരൻ ഓടിച്ച കാർ ഇടിച്ച് തട്ടുകട നടത്തിപ്പുകാരൻ മരിച്ച സംഭവത്തിൽ ജഡ്ജിയുടെ ഫ്ലാറ്റിൽ പൊലീസ് റെയ്ഡ് നടത്തി. സംഭവത്തിൽ പ്രതിയായ കൗമാരക്കാരൻ ഉപയോഗിച്ചിരുന്ന ആഡംബര ബൈക്ക് പൊലീസ് പിടിച്ചെടുത്തു. ഇയാൾ കാറിന് പുറമെ ബൈക്കും ഓടിക്കാറുണ്ടായിരുന്നെന്ന് വ്യക്തമായ സാഹചര്യത്തിലാണ് പൊലീസ് നടപടി. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
അന്വേഷണത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയതിന് നാല് പൊലീസ് ഉദ്യോഗസ്ഥരെ ഇന്നലെ സർക്കാർ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. ചേരാനല്ലൂർ സിഐ കെ.എസ്. ശ്യാംകുമാർ, എസ്ഐ വി.എസ്. വിശ്വജിത്ത്, ഗ്രേഡ് എഎസ്ഐ കെ.ടി. മനോജ്, സീനിയർ സിപിഒ അരുൺ ജോഷി എന്നിവർക്കെതിരെയാണ് നടപടിയെടുത്തത്. അപകടമുണ്ടാക്കിയ പ്ലസ് വൺ വിദ്യാർഥിക്കെതിരെ ആദ്യം ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തി കേസെടുത്തത് വലിയ വീഴ്ചയാണെന്ന് എഡിജിപി പി. വിജയൻ സർക്കാരിന് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.




