മെഴ്‌സിഡീസ് ബെൻസ് ഇ-ജിഎൽസി: 711 കി.മീ റേഞ്ചുമായി ഇന്ത്യയിൽ നിർമ്മാണം

ഇന്ത്യൻ ലക്ഷ്വറി വാഹന വിപണിയിൽ ചരിത്രപരമായ ഒരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് മെഴ്‌സിഡീസ് ബെൻസ്. കമ്പനിയുടെ ഏറ്റവും പുതിയ ഇലക്ട്രിക് എസ്‌യുവിയായ ജിഎൽസിയുടെ (GLC) പ്രാദേശിക നിർമാണം പുണെയിലെ ചക്കൻ പ്ലാന്റിൽ ഔദ്യോഗികമായി ആരംഭിച്ചു. അസംബ്ലി ലൈനിൽ നിന്ന് പുറത്തിറങ്ങിയ ആദ്യത്തെ ‘ജിഎൽസി 400 4മാറ്റിക്’ ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു.
അത്യാധുനിക സാങ്കേതികവിദ്യയിൽ ഒരുങ്ങിയ ഈ വാഹനം 94 kWh ബാറ്ററി കരുത്തുമായാണ് എത്തുന്നത്. 800V ഇലക്ട്രിക്കൽ ആർക്കിടെക്ചറിൽ നിർമിച്ചിരിക്കുന്ന ഈ കാറിന് ARAI സാക്ഷ്യപ്പെടുത്തിയ കണക്കുകൾ പ്രകാരം 711 കിലോമീറ്റർ റേഞ്ചാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. മികച്ച ഡ്രൈവിങ് സാഹചര്യങ്ങളിൽ, 330 kW ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ വെറും പത്ത് മിനിറ്റ് ചാർജിംഗിലൂടെ 303 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ സാധിക്കുമെന്നത് ഇതിന്റെ പ്രധാന പ്രത്യേകതയാണ്. ബാറ്ററി 10 ശതമാനത്തിൽ നിന്ന് 80 ശതമാനത്തിലേക്ക് എത്തിക്കാൻ കേവലം 22 മിനിറ്റ് മാത്രം മതിയാകും.
വാഹനത്തിന്റെ അകത്തളത്തിന് അത്യാധുനികമായ ഒരു ഭാവമാണ് നൽകിയിരിക്കുന്നത്. ഡാഷ്‌ബോർഡിൽ ഒരറ്റം മുതൽ മറ്റേയറ്റം വരെ വ്യാപിച്ചുകിടക്കുന്ന 39.1 ഇഞ്ച് വലിപ്പമുള്ള MBUX ഹൈപ്പർസ്‌ക്രീനാണ് ഇന്റീരിയറിലെ പ്രധാന ആകർഷണം. കാറിലെ ക്ലൈമറ്റ് കൺട്രോൾ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള മിക്ക നിയന്ത്രണങ്ങളും ഡിജിറ്റൽവൽക്കരിച്ച് ഈ സ്‌ക്രീനിലേക്ക് മാറ്റിക്കഴിഞ്ഞു.




