മാവോയിസ്റ്റ് വിമുക്ത ബസ്തറിൽ സൈനികർക്കൊപ്പം പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം

ഛത്തീസ്ഗഡ്∙ ബസ്തറിലെ സൈനികർക്കൊപ്പം ഇത്തവണത്തെ ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാവോയിസ്റ്റ് ഭീഷണിയിൽ നിന്നും പൂർണമായും വിമുക്തമായതിന് ശേഷമുള്ള ആദ്യ ദീപാവലിയാണിതെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഈ നേട്ടം കൈവരിക്കാൻ അക്ഷീണം പ്രയത്നിച്ച ധീര ജവാന്മാരെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. ഒരിക്കൽ മാവോയിസ്റ്റ് ഭീകരതയുടെ പിടിയിലായിരുന്ന ബസ്തർ ഇന്ന് ആ ഭീതിയിൽ നിന്നും മോചിതമായത് സൈനികരുടെ നിസ്വാർത്ഥമായ ത്യാഗം കൊണ്ടാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വികസനത്തിന്റെ പുതുയുഗത്തിന് ഇവിടെ തുടക്കം കുറിച്ചതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ മാർച്ച് 31-ഓടെ രാജ്യം മാവോയിസ്റ്റ് ഭീഷണിയിൽ നിന്നും പൂർണമായും മുക്തമായതായി കേന്ദ്ര സർക്കാർ ഔദ്യോഗികമായി അറിയിച്ചിരുന്നു.
പ്രധാനമന്ത്രിയായ ശേഷം ദീപാവലി ദിനങ്ങളിൽ സൈനിക ക്യാമ്പുകൾ സന്ദർശിക്കുന്നത് അദ്ദേഹത്തിന്റെ പതിവ് രീതിയാണ്. 2014-ൽ സിയാച്ചിനിലെ ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയിൽ സൈനികർക്കൊപ്പമായിരുന്നു അദ്ദേഹത്തിന്റെ ദീപാവലി ആഘോഷം. തുടർന്ന് 2015-ൽ അമൃത്സറിന് അടുത്തുള്ള പഞ്ചാബ് സെക്ടറിലും, 2016-ൽ ചൈനീസ് അതിർത്തിക്ക് സമീപം ഹിമാചൽ പ്രദേശിലെ സംദോയിലും അദ്ദേഹം എത്തി. 2017-ൽ ജമ്മു കശ്മീരിലും, 2018-ൽ ഉത്തരാഖണ്ഡിലെ ഹർഷിലിലും സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് അദ്ദേഹം ഐക്യദാർഢ്യം പ്രകടിപ്പിച്ചിരുന്നു.




