ടാറ്റാ മോട്ടോഴ്സ്-ഇറ്റാലിയൻ കമ്പനി 31,000 കോടി രൂപയുടെ ലയനം; ആഗോള വാണിജ്യ വാഹന വിപണിയിൽ നാലാമതൊരു ശക്തി

ഇറ്റലിയിലെ പ്രശസ്തമായ വാണിജ്യ വാഹന നിർമാണ കമ്പനിയായ ഇവെകോയെ ടാറ്റ മോട്ടോഴ്സ് സ്വന്തമാക്കി. ഏകദേശം 31,000 കോടി രൂപയുടെ ഇടപാടിലൂടെയാണ് ഇവെകോയുടെ 89.42 ശതമാനം ഓഹരികൾ ടാറ്റ കരസ്ഥമാക്കിയത്. ഈ ലയനം പൂർത്തിയാകുന്നതോടെ, 2.28 ലക്ഷം കോടി രൂപയുടെ വാർഷിക വരുമാനവുമായി ആഗോളതലത്തിൽ വാണിജ്യ വാഹന നിർമാണ രംഗത്തെ നാലാമത്തെ വമ്പൻ കമ്പനിയായി ടാറ്റ മോട്ടോഴ്സ് ഉയരും.
രാജ്യാന്തര വിപണിയിൽ ചുവടുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സുപ്രധാന നീക്കം. ഇന്ത്യൻ വാണിജ്യ വാഹന വിപണിയുടെ 40 ശതമാനവും കൈയടക്കി വെച്ചിരിക്കുന്ന ടാറ്റ മോട്ടോഴ്സ്, നിലവിൽ ട്രക്ക് നിർമാണത്തിൽ ലോകത്ത് നാലാം സ്ഥാനത്താണ്. എന്നാൽ ഇന്ത്യയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനി എന്ന പരിമിതി മറികടക്കാനാണ് ഇവേകോയെ ടാറ്റ ഏറ്റെടുക്കുന്നത്. യൂറോപ്പിലെ ട്രക്ക് വിപണിയുടെ 11 ശതമാനം വിഹിതമുള്ള ഇവേകോ, അവിടുത്തെ രണ്ടാമത്തെ വലിയ ബസ് നിർമാതാക്കളും ആഗോളതലത്തിൽ അഞ്ചാമത്തെ വലിയ എൻജിൻ നിർമാതാക്കളുമാണ്. കമ്പനിയുടെ വരുമാനത്തിന്റെ 75 ശതമാനവും യൂറോപ്യൻ വിപണിയിൽ നിന്നാണ് ലഭിക്കുന്നത്. 2014-ലെ കണക്കുകൾ പ്രകാരം ട്രക്ക് വിൽപനയിലൂടെ 90,000 കോടിയും, ബസ് വിൽപനയിലൂടെ 23,400 കോടിയും, എൻജിൻ വിൽപനയിലൂടെ 31,500 കോടി രൂപയുമാണ് ഇവേകോ സമാഹരിച്ചത്.
ഇറ്റലിയിലെ ടൂറിൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനിയാണ് ഇവെകോ (ഇൻഡസ്ട്രിയൽ വെഹിക്കിൾസ് കോർപറേഷൻ). വിവിധ ശേഷികളിലുള്ള വാണിജ്യ വാഹനങ്ങൾ നിർമിക്കുന്നതിൽ പ്രശസ്തരായ ഇവർ, ഫിയറ്റ് ഗ്രൂപ്പിന്റെ കീഴിലുള്ള അഞ്ച് വ്യത്യസ്ത ട്രക്ക് ബ്രാൻഡുകൾ 1975-ൽ ലയിപ്പിച്ചാണ് രൂപീകരിക്കപ്പെട്ടത്. ഫിയറ്റ്, ഒഎം, ലാൻസിയ, ഫ്രാൻസിന്റെ യുണീക്, ജർമനിയുടെ മഗിറസ് ഡോയ്റ്റ്സ് (Magirus-Deutz) എന്നീ കമ്പനികളുടെ സംയുക്ത സംരംഭമായിരുന്നു ഇവേകോ. പിൽക്കാലത്ത് മറ്റ് പല കമ്പനികളെയും കൂട്ടിയിണക്കി ഇവേകോ തങ്ങളുടെ പ്രവർത്തനം വിപുലീകരിക്കുകയായിരുന്നു.
എന്തുകൊണ്ട് ഇവേകോ?




