NEWS

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മോദിയും ബിജെപിയും തോൽക്കും: പ്രവചനവുമായി അഭിജീത് ദീപ്‌കെ

അഭിജീത് ദീപ്കെ (കൊച്ചിയിൽ നടന്ന പ്രതിഷേധത്തിൽ നിന്ന്)

കൊച്ചി: 2029-ലെ പൊതുതിരഞ്ഞെടുപ്പോടെ ബിജെപി നയിക്കുന്ന എൻഡിഎ സഖ്യത്തിന്റെ ഭരണം അവസാനിക്കുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) തലവൻ അഭിജീത് ദീപ്കെ പ്രവചിച്ചു. കേന്ദ്രത്തിൽ അധികാരമാറ്റം അനിവാര്യമാണെന്നും അതിനായി ജനങ്ങൾ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. എസ്ഐ‌ആറിനെതിരെയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും കൊച്ചിയിൽ സംഘടിപ്പിച്ച സമരസദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യപരമായ തിരഞ്ഞെടുപ്പിലൂടെ മാത്രമേ ഭരണമാറ്റം യാഥാർത്ഥ്യമാകൂ എന്ന് വ്യക്തമാക്കിയ ദീപ്കെ, രാജ്യത്ത് സുതാര്യവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. സിജെപിയുടെ ‘ജന്തർ മന്ദർ കൊച്ചി’ എന്ന കാമ്പെയ്‌നിന്റെ ഭാഗമായി കൊച്ചി രാജേന്ദ്ര മൈതാനത്താണ് പ്രതിഷേധം നടന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ സംരക്ഷിക്കുന്നതിനായി എൻഡിഎ സർക്കാർ രാജ്യത്തെ യുവസമൂഹത്തിന് എതിരെ തന്നെ തിരിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

ഗ്യാനേഷ് കുമാർ കേന്ദ്ര സർക്കാരിന് മാത്രം എന്തുകൊണ്ടാണ് ഇത്രയേറെ പ്രിയപ്പെട്ടതെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. ഡൽഹി ജന്തർ മന്ദറിൽ ദേശീയ പതാക ഉയർത്തിയതിന് തന്നെയും സഹപ്രവർത്തകരായ സൗരവ് ദാസ്, അഷുതോഷ് രങ്ക എന്നിവരെയും അറസ്റ്റ് ചെയ്ത സംഭവം ചൂണ്ടിക്കാട്ടിയ ദീപ്കെ, എവിടെയാണെങ്കിലും താൻ തുടർന്നും ദേശീയ പതാക ഉയർത്തുമെന്ന് പ്രഖ്യാപിച്ചു.

“ദേശീയ പതാക കൈയിലേന്തിയ കുറ്റത്തിനാണ് ഞങ്ങളെ ജയിലിലടച്ചത്. ബ്രിട്ടീഷ് ഭരണകാലത്താണ് ഇതിനു മുൻപ് ഇത്തരം നടപടികൾ അരങ്ങേറിയത്,” അദ്ദേഹം ഓർമ്മിപ്പിച്ചു. കേരളത്തിലോ ഡൽഹിയിലോ മഹാരാഷ്ട്രയിലോ തമിഴ്‌നാട്ടിലോ എവിടെവെച്ച് വേണമെങ്കിലും അധികൃതർക്ക് തന്നെ അറസ്റ്റ് ചെയ്യാമെന്നും, എന്നാൽ രാജ്യത്തിന്റെ ഏത് കോണിൽ നിന്നും താൻ വീണ്ടും ദേശീയ പതാക ഉയർത്തുക തന്നെ ചെയ്യുമെന്നും അദ്ദേഹം വെല്ലുവിളിച്ചു.

ജനങ്ങളുടെ ഭക്ഷണരീതികളിലും വിവാഹ കാര്യങ്ങളിലും മാത്രമല്ല, ആർക്ക് വോട്ട് ചെയ്യണം എന്ന കാര്യത്തിൽ പോലും കേന്ദ്ര സർക്കാർ ഇടപെടാൻ ശ്രമിക്കുകയാണെന്ന് ദീപ്കെ കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് ഫലങ്ങളെ അട്ടിമറിക്കാൻ എസ്ഐ‌ആർ ദുരുപയോഗം ചെയ്യപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ പത്ത് പന്ത്രണ്ട് വർഷമായി രാജ്യം വലിയൊരു നിശബ്ദതയിലായിരുന്നുവെന്നും, എന്നാൽ ജന്തർ മന്ദറിൽ തുടങ്ങിയ പ്രതിഷേധം ജനങ്ങൾക്ക് പുതിയൊരു ശബ്ദവും ധീരതയും പകർന്നു നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Sports ⏭️

Read News ⏭️

Back to top button