LIFESTYLE
അമ്മയ്ക്ക് ‘സർപ്രൈസ് ഗിഫ്റ്റ്’ സമ്മാനിച്ച് സ്വിഗ്ഗി ഡെലിവറി ബോയ്, ഇത് ഹൃദയസ്പർശിയായ നിമിഷം!

സാധാരണക്കാരന്റെ വലിയ സ്വപ്നങ്ങളും അത് നേടുമ്പോഴുണ്ടാകുന്ന അളവറ്റ സന്തോഷവുമാണ് ഓരോ വീടിന്റെയും യഥാർഥ വെളിച്ചം. സമൂഹമാധ്യമത്തിൽ അടുത്തിടെ തരംഗമായ ഒരു കുറിപ്പും വിഡിയോയും നമ്മെ ഓർമിപ്പിക്കുന്നത് ഈ സത്യമാണ്. ഒരു സ്വിഗ്ഗി ഡെലിവറി ബോയ് തന്റെ കഠിനാധ്വാനത്തിലൂടെ തുക സ്വരൂപിച്ച് അമ്മയ്ക്കായി പുതിയ സ്മാർട് ടിവി സമ്മാനിച്ച കാഴ്ച ലക്ഷക്കണക്കിന് ആളുകളുടെ മനസ്സിലാണ് തൊട്ടത്.’റോ ഇന്ത്യ’ എന്ന സമൂഹമാധ്യമ അക്കൗണ്ടിലൂടെ പുറത്തുവന്ന വിഡിയോയിൽ, തന്റെ തുച്ഛമായ വരുമാനത്തിൽനിന്ന് കുറച്ചുകുറച്ചായി മാറ്റിവച്ച പണം കൊണ്ടാണ് ഈ ടിവി വാങ്ങിയതെന്ന് ആ ചെറുപ്പക്കാരൻ അഭിമാനത്തോടെ പറയുന്നു. ‘സ്വിഗ്ഗിയിൽ ജോലി ചെയ്ത്, കുറച്ചുകുറച്ചായി പണം കൂട്ടിവെച്ചാണ് ഞാൻ ഇത് വാങ്ങിയത്’ എന്ന അവന്റെ വാക്കുകൾ കേവലം ഒരു വാചകമല്ല, മറിച്ച് സ്വപ്നങ്ങൾക്കായി ഓടുന്ന ഓരോ സാധാരണക്കാരന്റെയും പ്രതിനിധാനമാണ്.വർണാഭമായ സമ്മാനപ്പൊതി തുറക്കുമ്പോൾ ആ അമ്മയുടെയും മുത്തശ്ശിയുടെയും കണ്ണുകളിൽ നിറഞ്ഞ ആനന്ദക്കണ്ണീർ ഏതൊരു ആഡംബരത്തേക്കാളും വലുതായിരുന്നു. ലക്ഷക്കണക്കിന് ആളുകളാണ് ഈ വിഡിയോ കണ്ടതും അഭിനന്ദനങ്ങൾ കൊണ്ട് മൂടിയതും. കോടികൾ കൈയിലുള്ളപ്പോഴും സന്തോഷം കണ്ടെത്താനാകാത്തവർക്കിടയിൽ, ചെറിയൊരു ടിവിയിലൂടെ വീട്ടിനുള്ളിൽ സ്വർഗം തീർത്ത ഈ കുടുംബം നമ്മെ ഒരു കാര്യം പഠിപ്പിക്കുന്നു–സന്തോഷം എന്നത് പണത്തിന്റെ അളവുകോൽ വച്ച് അളക്കേണ്ട ഒന്നല്ല, അത് സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും ഫലമാണ്.കുടുംബബന്ധങ്ങളും സീകരണമുറിയിലെ വെളിച്ചവുംഇന്ത്യയിലെ കുടുംബങ്ങളിൽ, പ്രത്യേകിച്ച് ഇടത്തരക്കാരുടെ വീടുകളിൽ ‘ടെലിവിഷൻ’ എന്ന ടിവി വെറുമൊരു ഇലക്ട്രോണിക് ഉപകരണമല്ല, മറിച്ച് ഒരു കുടുംബാംഗത്തെപ്പോലെയാണ്. വീട്ടിലെല്ലാവരെയും ഒരേസമയം ഒരിടത്ത് ഇരുത്താൻ കഴിയുന്ന മാന്ത്രികശക്തി ടിവിക്കുണ്ട്.പകൽ മുഴുവൻ നീളുന്ന അധ്വാനത്തിന് ശേഷം വൈകുന്നേരങ്ങളിൽ കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് വിശേഷങ്ങൾ പങ്കുവയ്ക്കുന്നതും ചിരിക്കുന്നതും കരയുന്നതുമെല്ലാം ഈ കൊച്ചുസ്ക്രീനിന് മുന്നിലാണ്. അമ്മയുടെ കണ്ണീരും കുട്ടികളുടെ കുസൃതിയും അച്ഛന്റെ രാഷ്ട്രീയ ചർച്ചകളും ഒരുപോലെ ഏറ്റുവാങ്ങുന്ന ഒന്നായി ടിവി മാറി. അതുകൊണ്ടുതന്നെയാണ് ഒരു പുതിയ ടിവി വീട്ടിലേക്ക് എത്തുമ്പോൾ അത് ആ വീടിന്റെ ആകെ ആഘോഷമായി മാറുന്നത്.
Cinema ⏭️


